ഇനി വേണ്ട, അർബുദ മരണങ്ങൾ

80,000 സ്ത്രീകളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ സെർവിക്കൽ കാൻസർ (ഗർഭാശയഗള അർബുദം) ബാധിച്ച് മരണപ്പെട്ടത്. ആരംഭഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്നതും അതിനുള്ള സൗകര്യങ്ങൾ ലഭ്യമായിട്ടും എന്തുകൊണ്ടായിരിക്കും ഇത്രയും മരണങ്ങൾ സംഭവിക്കുന്നത്? ഉത്തരം നമ്മുടെയെല്ലാം വീടുകളിൽതന്നെയാണ് ഉള്ളത്. ആസ്ട്രേലിയപോലുള്ള രാജ്യങ്ങളിൽ 70 ശതമാനത്തോളം സ്ത്രീകളും സെർവിക്കൽ കാൻസർ സ്ക്രീനിങ് (സി.സി.എസ്) പരിശോധനക്ക് വിധേയരാകുമ്പോൾ ഇന്ത്യയിൽ അത് 1.9 ശതമാനം മാത്രമാണ്. സർക്കാറുകൾ പലതരത്തിലുള്ള കാമ്പയിനുകളും ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. പക്ഷേ, ഒരു സർക്കാർ പോസ്റ്റർ കണ്ടയുടൻ ആശുപത്രിയിൽ പോയി പരിശോധന നടത്താൻ നമ്മുടെ സ്ത്രീകൾക്ക് കഴിയുമോ, പ്രത്യേകിച്ചും വീട്ടുകാര്യങ്ങൾ മാത്രം നോക്കി ജീവിക്കാൻ സമൂഹം വിധിച്ചവർക്ക് ?

പല സ്ത്രീകൾക്കും സെർവിക്കൽ കാൻസർ എന്താണെന്നും എന്തിനാണ് പരിശോധന നടത്തേണ്ട ആവശ്യമെന്നും അറിയില്ല. ഭയം, അപമാനം, കുടുംബത്തിലെ പുരുഷന്മാരെ ആശ്രയിച്ചു ജീവിക്കുക തുടങ്ങിയ കാരണങ്ങളാൽ പലപ്പോഴും സ്ത്രീകളെ സഹായം തേടുന്നതിൽനിന്ന് വിലക്കുന്നു. അവബോധ പ്രവർത്തനങ്ങൾക്കായി തയാറാക്കുന്ന പോസ്റ്ററുകളെക്കാളും ഇൻഫോഗ്രാഫിക്സുകളെക്കാളും ആ​രോഗ്യവിദഗ്ധർ ​നേരിട്ട് നടത്തുന്ന ബോധവത്കരണങ്ങൾക്കാണെന്ന് ഉദയ്പൂർ ഐ.ഐ.എമ്മിലെ വേദ പൊന്നപ്പനും പ്രകാശ് സത്യവാഗീശ്വരനും ജോർജിയ സർവകലാശാലയിലെ പ്ര​ഫസറായ സുന്ദർ ഭരദ്വാജും ചേർന്ന് തയാറാക്കിയ പഠനം വ്യക്തമാക്കുന്നത്.

നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇവർ നടത്തിയ ഫീൽഡ് സ്റ്റഡിയിൽനിന്നാണ് ഈ കണ്ടെത്തൽ. ബോധവത്കരണം നടത്തുന്നത് അതാത് കമ്യൂണിറ്റിക്കകത്താണെങ്കിൽ, അതിന് കൂടുതൽ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ പിയർ ഗ്രൂപ്പുകൾ നൽകുന്ന അവബോധ സന്ദേശങ്ങൾ സ്ത്രീകളെ മുന്നോട്ടുവരാൻ പ്രാപ്തരാക്കുന്നു. നമ്മുടെ അയൽക്കാർ അർബുദ പരിശോധന നടത്തിയാൽ അത് നമ്മുടെ ഉള്ളിലെ ഭയം ലഘൂകരിക്കുകയും വിശ്വാസ്യത സൃഷ്ടിക്കുകയും ചെയ്യില്ലേ, അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

മുഖമില്ലാത്ത പോസ്റ്ററുകളും വിദഗ്ദ്ധരെ ആകർഷിക്കുന്ന മെറ്റീരിയലുകളും മാറ്റി സമൂഹത്തിലെ യഥാർഥ സ്ത്രീകളുടെ അനുഭവങ്ങളും അതിജീവനപാഠങ്ങളും അവബോധത്തിനായി ഉപയോഗിക്കുക, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ഇതിനായി സജ്ജമാക്കുക, പരസ്പരം ശാക്തീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക: ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ താഴെ തട്ടിലേക്കും അവബോധ സന്ദേശങ്ങളെത്തിക്കാൻ സഹായിക്കും. ഇത് ജീവൻ രക്ഷിക്കാൻ മാത്രമല്ല, ദശലക്ഷക്കണക്കിന് ഇന്ത്യൻ സ്ത്രീകൾക്ക് സ്വയം ശാക്തീകരിക്കാനും അവസരം ലഭിക്കുന്നു.

Tags:    
News Summary - Awareness about Cervical cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.