പാട്ട് കേട്ട് പണിയെടുക്കുന്നവരാണോ? ചുറ്റുപാടുമുള്ള ശബ്ദങ്ങളിൽ നിന്ന് വിട്ട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർധിപ്പിക്കാനും അതിലൂടെ ഉൽപാദനക്ഷമത കൂട്ടാനും സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ പോലും വ്യക്തമാക്കുന്നു. എന്നാൽ മിനിമം വോളിയത്തിൽ കേട്ടില്ലെങ്കിൽ ഇനി നിങ്ങൾക്ക് പണി കിട്ടും. നൂറ് കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവി സംബന്ധമായ പ്രശ്നങ്ങളാൽ വലയുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്.
ഹെഡ്‌ഫോണുകളും ഇയർബഡുകളും പോലുള്ള ശ്രവണ ഉപകരണങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗരീതിയും വിനോദ കേന്ദ്രങ്ങളിലെ ഉച്ചത്തിലുള്ള ശബ്ദങ്ങളും കേൾവിയെ ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. ചെവി വേദന, ചെവിയിൽ മൂളൽ, കേൾവിക്കുറവ്, സംസാരം മനസിലാക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചെറുപ്പക്കാരായ മിക്ക രോഗികളും വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ കേൾവി സംബന്ധമായ പ്രശ്നങ്ങൾ വർധിച്ച് വരുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
ചില സന്ദർഭങ്ങളിൽ ഇയർഫോൺ പ്ലഗ് ചെയ്ത് പോഡ്‌കാസ്റ്റോ സംഗീതമോ കേൾക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. എന്നാൽ കൂടുതൽ സമയം അങ്ങനെ ചെയ്യുന്നത് കേള്‍വി ശക്തിക്ക് അത്ര സുരക്ഷിതമായിരിക്കണമെന്നില്ല. ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. തുടർച്ചയായുള്ള ഉപയോഗമാണെങ്കിൽ 60/60 നിയമം പാലിക്കുക. അതായത് 60 ശതമാനം മാത്രം ശബ്ദത്തിൽ 60 മിനിറ്റ് നേരം മാത്രം ഉപകരണം ഉപയോഗിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.
ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകളോ ഗുണനിലവാരമില്ലാത്ത ഇയർഫോണുകളോ പയോഗിക്കാതിരിക്കുക. ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. കൃത്യമായ കേൾവി പരിശോധനകൾ നടത്തുക. എല്ലാത്തിനും ഉപരിയായി അൽപ സമയം നിശബ്ദമായി ഇരിക്കുന്നതും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.