തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ എണ്ണത്തിലും കാഷ്ലെസ് ചികിത്സയിലുമടക്കം അപര്യാപ്ത നിലനിൽക്കുമ്പോഴാണ് സർക്കാർ പ്രീമിയം വർധനയുമായി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. പല ജില്ലകളിലും പ്രധാന ആശുപത്രികളെല്ലാം മെഡിസെപ് കൈയൊഴിഞ്ഞ നിലയാണ്. ഇത് പരിഹരിക്കാനുള്ള ഇടപെടലുകളൊന്നും നിർദേശിക്കാതെയാണ് നിലവിലെ 500 രൂപയിൽനിന്ന് പ്രതിമാസ പ്രീമിയം 750 രൂപയായി ഉയർത്തിയത്. ഇതുവഴി പ്രതിവർഷ പ്രീമിയം തുക 6000 എന്നത് 9000 രൂപയായി മാറും.
പ്രീമിയം വർധിപ്പിച്ചാലും കാഷ്ലെസ് ചികിത്സ ലഭ്യമായാൽ ആശ്വാസമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. കാഷ്ലെസ് ചികിത്സയെന്ന വാഗ്ദാനത്തോടെ ആരംഭിച്ച മെഡിസെപ് ഒന്നാം ഘട്ടത്തിലെ മൂന്നുവർഷം നിരവധി മോശം അനുഭവങ്ങളാണ് ജീവനക്കാർക്കുള്ളത്.
ഇൻഷുറൻസ് ഉണ്ടെങ്കിലും ചികിത്സ വേണമെങ്കിൽ പണം മുൻകൂറായി കരുതണം. റീ ഇമ്പേഴ്സ്മെന്റായി തുക തിരികെ കിട്ടുമെന്ന് പറഞ്ഞെങ്കിലും 40-60 ശതമാനം വരെ വെട്ടിക്കുറച്ച തുകയാണ് പലർക്കും ലഭിക്കുന്നത്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ നിരവധി പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും കാഷ്ലെസ് അടക്കം അടിസ്ഥാന വിഷയങ്ങളിൽ മൗനമാണ്.
രണ്ട് വർഷ കാലാവധി നിശ്ചയിച്ച പദ്ധതിയിൽ രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനവുണ്ടാകുമെന്ന പ്രഖ്യാപനവും ജീവനക്കാർക്ക് പ്രഹരമാണ്. മെഡിസെപ് ഒന്നാം ഘട്ടത്തിൽ ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ പ്രീമിയം വർധന ആവശ്യപ്പെട്ട് കമ്പനി സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ കരാറിൽ പദ്ധതി കാലയളവിൽ പ്രീമിയം വർധന വ്യവസ്ഥ ചെയ്യാത്തതിനാൽ ആവശ്യം സർക്കാർ തള്ളി. എന്നാൽ, ഇങ്ങനെ തള്ളാനുള്ള പഴുത് പോലും ഒഴിവാക്കിയാണ് സർക്കാർ പുതിയ കരാറിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.