സാന്ദ്ര തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സാന്ദ്രാ തോമസിന്റെത് വെറും ഷോ ആണെന്ന് പറഞ്ഞ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വീണ്ടും രംഗത്തുവന്നതാണ് വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയത്. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും അവർ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിൻ അവകാശപ്പെട്ടു.
സാന്ദ്രയുടേത് വെറും ഷോ ആണ്. ആദ്യം അസോസിയേഷനിലേക്ക് പർദ ധരിച്ച് എത്തി. രണ്ടാമത് വന്നപ്പോള്‍ എന്താ പർദ കിട്ടിയില്ലേ? സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിൻ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
എന്നാൽ പർദ ധരിച്ചുവന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നു. ഒരു പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചുവെന്ന് കരുതി ജീവിത കാലം മുഴുവൻ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിർബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താൻ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാൽ സിനിമ ഇൻഡസ്ട്രി വിട്ടുപോകാൻ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നൽകി. അങ്ങനെ സംഭവിച്ചില്ലെങ്കിൽ സിനിമ ഇൻഡസ്ട്രി വിട്ടുപോകാൻ ലിസ്റ്റിൻ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു. മിക്ക നിർമാതാക്കളുടെയും നിർമാണകമ്പനികൾ പാർട്ണർഷിപ്പോടെയാണ് മുന്നോട്ടുപോകുന്നത്. അങ്ങനെയല്ലാത്തവർ വേണമെന്ന് പറയുകയാണെങ്കിൽ മത്സരിക്കാൻ തന്നെ ആളുണ്ടാകില്ല. പറയുന്ന കാര്യങ്ങളെ കുറിച്ച് ലിസ്റ്റിന് തന്നെ ബോധ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാൽ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം. മറ്റാർക്കും ഒരു ആക്ഷേപവും ഉന്നിയിക്കാതിരിക്കെ, തന്റെ പത്രികയിൽ റിട്ടേണിങ് ഓഫിസർ മാത്രം സംശയം പ്രകടിപ്പിച്ചതിനെതിരെയും അവർ രംഗത്തുവരികയുണ്ടായി.
പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാർഥി തന്റെ പേരിലുള്ള മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നാണ് ചട്ടം. സാന്ദ്ര ഹാജരാക്കിയ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടെണ്ണം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ പേരിലുള്ളതും ഒന്ന് നേരത്തെ പാര്‍ട്ണറായിരുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ളതുമായിരുന്നു.
എന്നാൽ ഇല്ലാത്ത വാദം പറഞ്ഞ് തന്റെ സ്ഥാനാർഥിത്വം തള്ളിക്കളയാൻ ലിസ്റ്റിൻ ഉൾപ്പെടെ ശ്രമിച്ചു എന്നാണ് സാന്ദ്രയുടെ വാദം. തെളിവായി താൻ നിർമിച്ച മൂന്ന് ചിത്രങ്ങളുടെ സർട്ടിഫിക്കറ്റടക്കം വെച്ചുകൊണ്ടാണ് സാന്ദ്ര രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലും ഇരുകൂട്ടരും പരസ്പരം വാദപ്രതിവാദങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.