സാന്ദ്ര തോമസ്, മമ്മൂട്ടി
നിർമാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ നിർമാതാവ് സാന്ദ്ര തോമസ് നടൻ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. സംഘടന ഭാരവാഹിക്കെതിരെയുള്ള കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി പറഞ്ഞതായിയാണ് സാന്ദ്ര വെളിപ്പെടുത്തിയത്. വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
ഇതോടെ, സാന്ദ്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാന്ദ്ര സംസാരിക്കുന്ന ഒരു വിഡിയോ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ, 'ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും പിറവികൊള്ളുന്നത്, കാത്തുനിൽക്കുക' എന്ന കുറിപ്പ് സാന്ദ്ര സമൂഹമാധ്യമത്തിൽ പങ്കിട്ടു.
മമ്മൂട്ടിയെ എന്തിനാണ് ആ വിഷയത്തിലേക്ക് വലിച്ചിടുന്നതെന്ന കമന്‍റുകൾ സാന്ദ്രയുടെ പോസ്റ്റിന് വന്നിരുന്നു. ഇതിലൊന്നിന് സാന്ദ്ര നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മമ്മൂട്ടിയെ ആരും വലിച്ചിട്ടതല്ല, അദ്ദേഹം താനേ വന്നു കയറിയതാണ് എന്നായിരുന്നു സാന്ദ്രയുടെ മറുപടി.
മുക്കാൽ മണിക്കൂറോളം മമ്മൂട്ടിയുമായി ഫോണിൽ സംസാരിച്ചെന്ന് സാന്ദ്ര പറഞ്ഞിരുന്നു. കേസിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ മകൾക്കാണ് ഇങ്ങനെയൊരു അവസ്ഥ വന്നതെങ്കിൽ അവരോട് പ്രതികരിക്കരുതെന്നും കേസുമായി മുന്നോട്ട് പോകരുതെന്നും പറയുമോ എന്ന് താൻ ചേദിച്ചതായി സാന്ദ്ര പറഞ്ഞു.
സാന്ദ്രക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. അതിന് ശേഷം തന്‍റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറിയതായും സാന്ദ്ര തോമസ് പറഞ്ഞു. മമ്മൂട്ടി എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് എടുത്തതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ വീട്ടുപണി എടുക്കുന്ന ഒരാളാണ് ഇപ്പോൾ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റ് എന്നായിരുന്നു സാന്ദ്രയുടെ മറുപടി. തന്‍റെ സാഹചര്യം മനസിലാക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായും അവർ വ്യക്തമാക്കി.
ആഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്. സംഘടന തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ സാന്ദ്ര തോമസ് പർദ ധരിച്ചെത്തിയത് വാർത്തയായിരുന്നു. എന്നാൽ നിർമാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചെത്തിയത് എന്നായിരുന്നു സാന്ദ്രയുടെ മറുപടി. സംഘടനക്കുള്ളിൽ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്‍റെ മത്സരമെന്നും സാന്ദ്ര പറയുന്നു. ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവർക്കെതിരെയും സാന്ദ്ര ആരോപണം ഉന്നയിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.