ശ്വേത മേനോനും റഹ്മാനും
വിവാദങ്ങളിൽ നടി ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പിന്തുണ പ്രഖ്യാപിച്ചത്. ശ്വേത മേനോന് ഒപ്പമുള്ള പഴയ ചിത്രങ്ങൾ സഹിതമായിരുന്നു റഹ്മാന്റെ പോസ്റ്റ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം അസംബന്ധമാണെന്നും ശ്വേത മേനോൻ പ്രസിഡന്റാകുന്നത് തടയുകയാണ് അതിലൂടെ ഉദ്ദേശിക്കുന്നതെന്നും റഹ്മാൻ വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടോളമായി തനിക്ക് ശ്വേത മോനോനെ അറിയാമെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളിലെ അനീതിയോർത്ത് ഞെട്ടിപ്പോയെന്നും റഹ്മാൻ കുറിച്ചു. ഒറ്റ സിനിമയിൽ മാത്രമേ ഒന്നിച്ചഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒന്നിച്ചു ചെയ്ത ഷോകളും ചെലവിട്ട സമയവും മാത്രം മതി ശ്വേതയുമായുള്ള സൗഹൃദത്തിന്റെ മൂല്യമറിയാനെന്നും റഹ്മാൻ കുറിപ്പിൽ പറഞ്ഞു.
ഒപ്പമുള്ളവരോട് ശ്വേത മേനോന്റെ കരുതലിനെ കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്. ഒരു നന്ദിവാക്ക് പോലും പ്രതീക്ഷിക്കാതെ, സുഖമില്ലാതിരുന്ന ക്രൂ അംഗങ്ങൾക്ക് ആരുമറിയാതെ മരുന്ന് വാങ്ങിക്കൊടുത്തത് ഇപ്പോഴും ഓർമയുണ്ട്. രാഷ്ട്രീയത്തിലാണ് ഇത്തരത്തിലുള്ള വൃത്തികെട്ട കളികൾ കാണാറുള്ളതെന്നും സിനിമ ഇൻഡസ്ട്രിയിൽ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. എല്ലാ പിന്തുണയുമുണ്ടെന്നും ശ്വേത മേനോന് മികച്ച പ്രസിഡന്റാകാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞാണ് റഹ്മാൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: പ്രിയപ്പെട്ട ശ്വേത മേനോൻ,
നിങ്ങൾക്കെതിരായ തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആ ആരോപണങ്ങളിലെ അനീതിയെ കുറിച്ചോർക്കുമ്പോൾ മനസ് രോഷം കൊള്ളുകയാണ്. മൂന്ന് പതിറ്റാണ്ടോളമായി എനിക്ക് നിങ്ങളെയറിയാം. ഇക്കാലമത്രയും നിങ്ങൾ നല്ല സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയാലുവും ആത്മാർഥതയുള്ളതുമായ വ്യക്തിയാണ് നിങ്ങൾ. നമ്മളൊന്നിച്ച് ഒറ്റ സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ നമ്മളൊരുമിച്ച് ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതിയായിരുന്നു നിങ്ങളുടെ സൗഹൃദത്തിന്റെ ആഴവും സ്വഭാവഗുണവും മനസിലാക്കാൻ.
അത്തരം ഷോകളിലൂടെ ഞാൻ നിങ്ങൾ മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് മനസിലാക്കി. പ്രത്യേകിച്ച് സഹ താരങ്ങളോടും പുതുമുഖങ്ങളോടും ക്രൂ അംഗങ്ങളോടും സംഘാടകരോടും നിങ്ങളുടെ ആരാധകരോടും പെരുമാറുന്ന രീതി. ക്രൂ അംഗങ്ങൾ സുഖമില്ലാതിരിക്കുമ്പോൾ നിങ്ങൾ നിശ്ശബ്ദമായി അവർക്ക് മരുന്നുകൾ വാങ്ങിനൽകി. ഒരു നന്ദിവാക്കോ അംഗീകാരമോ പോലും പ്രതീക്ഷിച്ചായിരുന്നില്ല അതെല്ലാം. പദവി പോലും നോക്കാതെ നിങ്ങൾ എല്ലാവരോടും ആദരവോടെ പെരുമാറി. ആ നിമിഷങ്ങൾ മതി നിങ്ങളെത്ര മഹത്വമുള്ള വ്യക്തിയാണെന്ന് മനസിലാക്കാൻ.
ഇപ്പോൾ നടക്കുന്നത് ശുദ്ധ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല. ഈ ദുഷിച്ച പ്രവൃത്തിയുടെ പിന്നിലുള്ളവരെ കുറിച്ചറിഞ്ഞ് ഞാനും മെഹറും ഞെട്ടിപ്പോയി. നിങ്ങളുടെ പേര് കളങ്കപ്പെടുത്താനും അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള മനപൂർവമായ നീക്കമാണിതെന്നതിൽ ഒരു സംശയവുമില്ല. അത്തരം വൃത്തികെട്ട കളികൾ രാഷ്ട്രീയത്തിൽ പതിവാണ്. എന്നാൽ നമ്മുടെ സിനിമ മേഖലയിൽ ഇങ്ങനൊന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
നേരത്തേ പ്രതികരിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് സുഖമില്ലാതെ കിടക്കുകയായിരുന്നു ഞാൻ. അതോടൊപ്പം പ്രിയ സുഹൃത്ത് ഷാനവാസിന്റെ വേർപാടിന്റെ വേദനയും തളർത്തി. എന്റെ വാക്കുകൾ നിങ്ങൾക്കു വേണ്ടിയാണ്. ഞാനാരുടെ കൂടെയാണ് നിൽക്കുന്നതെന്ന് പൊതുജനം മനസിലാക്കട്ടെ. ചില മാധ്യമ സ്ഥാപനങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചേക്കാം. എന്നാൽ അതൊന്നും കാര്യമാക്കുന്നേയില്ല.
പ്രിയപ്പെട്ട ശ്വേത ഈ വിവാദങ്ങളിലൊന്നും തളരരുത്. മറ്റാരുടെയും സഹായമില്ലാതെ നിങ്ങളുടെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഇവിടെ വരെ എത്താൻ സാധിച്ചതെന്ന് എനിക്ക് നന്നായി അറിയാം. ഈ കൊടുങ്കാറ്റിനെ തോൽപിക്കാനുള്ള കരുത്ത് നിങ്ങൾക്കുണ്ട്. ഇപ്പോൾ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചവർ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. മലയാള സിനിമ പ്രവർത്തകരുടെ സംഘടനയിലെ മികച്ച പ്രസിഡന്റാകാൻ നിങ്ങൾക്ക് സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. സ്നേഹാദരങ്ങളോടെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.