'ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിക്കണോ, അതോ ഒളിവിൽ പോണോ?' ശ്വേത മേനോനെ പിന്തുണച്ച് ഇർഷാദ് അലി

നടി ശ്വേത മേനോനെ പിന്തുണച്ച് നടൻ ഇർഷാദ് അലി. സമൂഹമാധ്യമത്തിലൂടെ ആക്ഷേപ ഹാസ്യ രൂപേണയാണ് ഇർഷാദ് തന്റെ പ്രതിഷേധം അറിയിച്ചത്. മീര ജാസ്മിനൊപ്പം അഭിനയിച്ച 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ താൻ നിയമനടപടി നേരിടേണ്ടി വരുമോ എന്നായിരുന്നു ഇർഷാദിന്‍റെ പോസ്റ്റ്. 'ശ്വേത മേനോനൊപ്പം', 'സെൻസർഷിപ്പ്', 'നിയമത്തിന്‍റെ ദുരുപയോഗം' തുടങ്ങിയ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.

'അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കേൾക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല! ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ?' -ഇർഷാദ് ചോദിച്ചു

അതേസമയം, അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതായിരുന്നു ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്.

തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേത മേനോൻ ഹൈകോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന് നടപടികൾ സ്റ്റേ ചെയ്തിരുന്നു. കേസെടുക്കാൻ നിർദേശിച്ച് പരാതി പൊലീസിന് കൈമാറിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് വിയിരുത്തിയാണ്​ ജസ്റ്റിസ്​ വി.ജി. അരുണിന്‍റെ ഇടക്കാല ഉത്തരവ്​.

ഹരജിക്കാരിയുടെ ആരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന്​ കോടതി വിലയിരുത്തി. തിടുക്കത്തിൽ പരാതി പൊലീസിന് കൈമാറിയതിൽനിന്ന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ്​ മനസ്സിലാകുന്നത്​. തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് വിശദീകരണം തേടിയത്​. സർക്കാറിന്‍റേയും പരാതിക്കാരന്‍റേയും വിശദീകരണവും തേടിയിട്ടുണ്ട്​.

തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ശ്വേത ഹരജിയിൽ പറഞ്ഞു. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചതെന്നും അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നതായും ഹരജിയിൽ പറയുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അവർ ഹരജിയിൽ വ്യക്തമാക്കി. 

Tags:    
News Summary - Irshad Ali supports Shweta Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.