തിരുവനന്തപുരം: മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ച് നിയമസഭ സെക്രട്ടേറിയറ്റ്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനുമടക്കമാണ് മാർഗനിർദേശങ്ങൾ. സ്പീക്കറുടെ നിർദേശപ്രകാരം ഏപ്രിലിൽ തയാറാക്കിയ നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണ് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചത്.
സഭയെക്കുറിച്ചോ സഭാംഗങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചോ വസ്തുതകൾക്ക് വിരുദ്ധമായി പ്രസിദ്ധീകരിക്കുന്നത് സഭയുടെ സവിശേഷ അധികാരത്തിന്റെ ലംഘനമാകുമെന്നാണ് മുന്നറിയിപ്പ്. സഭയുടെയോ സഭാസമിതിയുടെയോ ചർച്ചയോ നടപടിയോ ഉത്തമ വിശ്വാസമില്ലാതെ റിപ്പോർട്ട് ചെയ്യുന്നത് സഭയുടെ പ്രത്യേക അധികാര ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. നിയമസഭ സമുച്ചയത്തിനുള്ളിൽ വാച്ച് വാർഡ് വിഭാഗത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഗാലറികളിൽ മാധ്യമപ്രവർത്തകർ മൊബൈൽ ഫോൺ കാമറ ഉപയോഗിച്ച് സഭാനടപടികൾ പകർത്താൻ പാടില്ല.
സഭാ നടപടികളിൽനിന്ന് സ്പീക്കറുടെ നിർദേശപ്രകാരം ഒഴിവാക്കപ്പെട്ട ഭാഗം പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ പാടില്ല. ഇവ പ്രസിദ്ധീകരിക്കുന്നത് സഭയുടെ വിശേഷാധികാരത്തിന്റെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. നിയമസഭ സമ്മേളനങ്ങളുടെ ഭാഗമല്ലാത്ത മറ്റൊരു ദൃശ്യവും സഭയുടെ അധികാരപരിധിയിലെ സ്ഥലങ്ങളിൽ സ്പീക്കറുടെ അനുമതിയില്ലാതെ പകർത്തരുത്. നിയമസഭ സമ്മേളന കാലയളവിൽ സഭ ടി.വിയുടെ നേതൃത്വത്തിൽ നടപടികൾ റെക്കോർഡ് ചെയ്ത് മീഡിയ റൂമിൽ ക്രമീകരിച്ച സംവിധാനത്തിലൂടെ മാധ്യമങ്ങൾക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.