വി.എസ് സുനിൽ കുമാർ
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലും വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന് അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ. ബി.ജെ പി കൗൺസിലർമാരുടെ സ്ഥലത്താണ് വോട്ടർമാരെ കൊണ്ടുവന്ന് താമസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അന്നത്തെ ജില്ല കലക്ടറുടെ പ്രവർത്തനത്തിൽ സംശയമുണ്ട്. കലക്ടർ അത്ര മാന്യനായിരുന്നെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സഖ്യസർക്കാറിന്റെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം പോയി. നിരവധി വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബി.ജെ.പി തൃശൂർ മണ്ഡലത്തിലെ ബൂത്തുകളിൽ ചേർക്കുകയാണ് ചെയ്തത്. പൂങ്കുന്നം മേഖലയിലെ 30, 37 നമ്പർ ബൂത്തുകളിലെ നിരവധി വോട്ടുകൾ അന്തിമപട്ടികയിൽ പുതുതായി ചേർത്തു. ഇതിൽ ഭൂരിപക്ഷ വോട്ടർമാരും മണ്ഡലത്തിൽ താമസക്കാതല്ലാത്തവരാണ്. ഒരു പോസ്റ്റ് കാർഡ് ഹാജരാക്കിയാൽ പോലും വോട്ടറാകാമെന്ന നിബന്ധനയുടെ പഴുതുപയോഗിച്ചാണ് വോട്ടർമാരെ ചേർത്തത്.
മുഖ്യ വരണാധികാരിയായ ജില്ല കലക്ടർക്ക് എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.പി. രാജേന്ദ്രൻ പരാതി നൽകിയിരുന്നു. ഇതേകാര്യം യു.ഡി.എഫ് പ്രതിനിധി കെ.വി. ദാസനും ഉന്നയിച്ചു. എന്നാൽ, വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പരാതി പരിഗണിച്ചില്ല. പുറത്തുനിന്നുള്ള വോട്ടർമാരെ ഉൾക്കൊള്ളിച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കമീഷന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി.
തെരഞ്ഞെടുപ്പ് കമീഷൻ സർക്കാർ വകുപ്പ് പോലെയാണ് പ്രവർത്തിക്കുന്നത്. തൃശൂരിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എൽ.ഡി. എഫ് ബൂത്ത് തല അന്വേഷണം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട്: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഉദാരമായ സഹായം ബി.ജെ.പിക്ക് കിട്ടിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആലത്തൂർ, ചാലക്കുടി, പൊന്നാനി തുടങ്ങി ബി.ജെ.പിക്ക് സാധ്യത കുറവുള്ള ലോക്സഭ മണ്ഡലങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് കള്ളവോട്ടുകളാണ് തൃശൂർ ലോക്സഭ മണ്ഡലത്തിൽ ചേർക്കപ്പെട്ടത്. തൃശൂർ കോർപറേഷൻ പരിധിയിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള ഡിവിഷനുകളിൽ കള്ളരേഖകളുണ്ടാക്കി ഫ്ലാറ്റുകളിൽ നൂറുകണക്കിന് വോട്ടുകൾ അവസാന നിമിഷം ചേർത്തിട്ടുണ്ട്.
തൃശൂർ: നീതിപൂർവകമായ തെരഞ്ഞെടുപ്പാണ് വേണ്ടതെന്നും അതിന് കൃത്യമായ വോട്ടർപട്ടികയാണ് ആവശ്യമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശതെരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. അർഹതയില്ലാത്ത നിരവധി പേരെ ചേർത്തിട്ടുണ്ട്. വാർഡ് വിഭജനം അശാസ്ത്രീയമായി നടത്തി.
പലയിടത്തുനിന്നും ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ സെക്രട്ടറിമാരോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.