കൊച്ചി: സെപ്റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ നിർത്താനും സ്പീഡ് പോസ്റ്റിൽ ലയിപ്പിക്കാനുമുള്ള തീരുമാനം ഭാഗികമായി പിൻവലിച്ച് തപാൽ വകുപ്പ്. തീരുമാനത്തിനെതിരെ വകുപ്പിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ ഉൾപ്പെടെ ഉയർന്ന ശക്തമായ എതിർപ്പിനെത്തുടർന്നാണ് തീരുമാനം പിൻവലിച്ച് വിശദീകരണം നൽകിയത്. രജിസ്റ്റേർഡ് തപാൽ സംവിധാനം തുടരുമെന്നും സേവനം കുറെക്കൂടി വേഗത്തിലാക്കാൻ പരിഷ്കരിക്കുകയാണെന്നും വകുപ്പ് അറിയിച്ചു.
ജോലി അറിയിപ്പുകൾ, വ്യവഹാര നോട്ടീസുകൾ, സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ബാങ്കുകളുടെയും സർവകലാശാലകളുടെയും മറ്റും അറിയിപ്പുകൾ എന്നിവ രജിസ്ട്രേഡ് തപാലായാണ് വരുന്നത്. ഉരുപ്പടി അയച്ചതിനും കൈപ്പറ്റിയതിനും തെളിവുണ്ടാകും എന്നതാണ് സാധാരണ തപാലിനെ അപേക്ഷിച്ച് ഇതിന്‍റെ പ്രത്യേകത. രജിസ്ട്രേഡ് തപാൽ വിലാസത്തിൽ പറയുന്ന വ്യക്തിക്ക് മാത്രം ലഭിക്കുമ്പോൾ സ്പീഡ് പോസ്റ്റ് വിലാസത്തിലുള്ള ആർക്കും കൈമാറും. അതുകൊണ്ടുതന്നെ രജിസ്ട്രേഡ് തപാൽ നിർത്തരുത് എന്നായിരുന്ന വകുപ്പിന്‍റെ തീരുമാനത്തോട് പ്രതികരിച്ചവരുടെ ആവശ്യം.
ഇതിന് വകുപ്പ് നൽകിയ വിശദീകരണം, സ്പീഡ് പോസ്റ്റിനെ അപേക്ഷിച്ച് രജിസ്ട്രേഡ് തപാൽ പതുക്കെയാണ് വിലാസക്കാരനിലേക്ക് എത്തുക എന്നാണ്. വിതരണം വേഗത്തിലാക്കാനാണ് രണ്ടും ലയിപ്പിക്കാൻ തീരുമാനിച്ചത്. രജിസ്ട്രേഡ് തപാൽ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.