കണ്ണൂർ: രാജ്യസഭ എം.പിയും ആർ.എസ്.എസ് നേതാവുമായ സി. സദാനന്ദന് വധശ്രമക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും സെൻട്രൽ ജയിൽ ഉപദേശക സമിതിയംഗവുമായ പി. ജയരാജൻ. ശനിയാഴ്ച ഉച്ചക്കാണ് ജയരാജൻ സെൻട്രൽ ജയിലിലെത്തി പ്രതികളെ കണ്ടത്. അന്ന് ജയിലിലേക്ക് പോകുന്ന ദിവസം സമയമില്ലാത്തതിനാൽ സന്ദർശിക്കാനായില്ലെന്നും അവർക്ക് ആശംസ നേർന്നുവെന്നും അവരുടെ കുടുംബാംഗങ്ങളെയും സന്ദർശിക്കുമെന്നും ജയരാജൻ പറഞ്ഞു.
ജയിലിൽ ഉള്ളവരിൽ ചിലർ പാർക്കിൻസൺ അടക്കമുള്ള അസുഖം ബാധിച്ചവരാണ്. പ്രായത്തിന്റെ അവശതകൾ ഉള്ളവരും ഉണ്ട്. അവർക്ക് മതിയായ ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സദാനന്ദന്റെ കാലുവെട്ടിയ കേസിലെ പ്രതികൾക്ക് കെ.കെ. ശൈലജ എം.എൽ.എയുടെ നേതൃത്വത്തിൽ ജയിലിലേക്ക് യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു. സംഭവം വിവാദമായതോടെ സദാനന്ദന്റെ കാലുവെട്ടിയ കേസിൽ തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിൽ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നുണ്ട്.
അതിനിടെ, കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്നും കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ശിക്ഷിച്ചതെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.