വെള്ളാപ്പള്ളി നടേശൻ

‘ലീഗിന്‍റെ ശ്രമം അവരുടെ രാജ്യം സൃഷ്ടിക്കാൻ, മുസ്ലിംകൾ വോട്ട് ബാങ്ക് കാട്ടി സർക്കാറുകളെ ഭീഷണിപ്പെടുത്തുന്നു’; വിവാദ പരാമർശവുമായി വീണ്ടും വെള്ളാപ്പള്ളി

ആലപ്പുഴ: വിവാദ പ്രസംഗവുമായി വീണ്ടും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പ്രസംഗം വളച്ചൊടിച്ച് തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമായി മാറില്ലെന്നും മുസ്ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിച്ച് ശരീഅത്ത് നിയമം നടപ്പാക്കാനും മലപ്പുറം സംസ്കാരം സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എടത്വ സെന്‍റ് അലോഷ്യസ് കോളജ് ഓ‌ഡിറ്റോറിയത്തിൽ കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂനിയനുകളുടെ സംയുക്ത നേതൃസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് മുസ്‌ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. മുസ്ലിംകൾ വോട്ട് ബാങ്ക് കാട്ടി സർക്കാറുകളെ ഭീഷണിപ്പെടുത്തുകയാണ്. കേരളം ആര് ഭരിക്കണമെന്ന് സമസ്ത തീരുമാനിക്കുന്ന നിലയിലായി കാര്യങ്ങൾ. മലപ്പുറത്തുനിന്ന് കൽപിക്കുന്നതനുസരിച്ച് ചാടുന്ന കുഞ്ഞുരാമന്മാരാകരുത് രാഷ്ട്രീയക്കാർ. കോൺഗ്രസിന് മുസ്ലിം ലീഗെന്ന ഊന്നുവടിയില്ലാതെ മുന്നോട്ട് പോകാനാവില്ല. മുല്ലപ്പള്ളി രാമചന്ദ്രനെയും സുധീരനെയുംപോലുള്ളവർ സമുദായത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള കുട്ടനാട്ടുകാർക്ക് വരുത്തരെ ചുമക്കാനാണ് യോഗം. കുട്ടനാട്ടിൽ വിജയിച്ച എൻ.സി.പിക്ക് നാടിനോട് എന്ത് പ്രതിബദ്ധതയാണുള്ളത്. നെല്ലുവില പോലും കൊടുക്കാത്ത ഇത്ര പരാജയപ്പെട്ടൊരു കൃഷിമന്ത്രിയെ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, മാന്നാർ യൂനിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, കുട്ടനാട് യൂനിയൻ ചെയർ‌മാൻ ബിനീഷ് പ്ലാത്താനത്ത്, മാന്നാർ യൂനിയൻ ചെയർമാൻ കെ.എം. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. പി. സുപ്രമോദം സ്വാഗതവും സന്തോഷ് ശാന്തി നന്ദിയും പറഞ്ഞു.

Tags:    
News Summary - Vellappally Natesan again with controversial remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.