തൃശൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം.പി
തൃശൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് രംഗത്ത്. വോട്ടർപട്ടിക ഉൾപ്പെടെ രേഖകൾ സഹിതം തെളിവുകൾ ഹാജരാക്കിയാണ് മണ്ഡലത്തിൽ വോട്ട് ക്രമക്കേട് നടന്നതായ ആരോപണ മുന്നയിക്കുന്നത്.
ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് 11 കുടുംബാംഗങ്ങളുടെ വോട്ടുകൾ ചേർത്തതായും ചൂണ്ടികാട്ടി. ബൂത്ത് നമ്പർ 116-ൽ 1016 മുതൽ 1026 വരെയാണ് വോട്ടുകൾ ചേർത്തിട്ടുള്ളത്. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ചേർത്ത വോട്ട് കമീഷന്റെ വോട്ടർ ഹെല്പ് ലൈൻ ആപ്പ് പ്രകാരം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ (നമ്പർ 10/219/2) ഇപ്പോഴും നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം വീട് ഒഴിഞ്ഞു പോയെങ്കിലും ഇപ്പോഴും വോട്ട് നിലനിൽക്കുകയാണ്. എന്നാൽ തൃശൂർ കോർപ്പറേഷൻ പ്രസിദ്ധീകരിച്ച 11-മൂക്കാട്ടുകര ഡിവിഷൻ പട്ടികയിൽ ഇവരുടെ പേരുകളില്ലായെന്നുള്ളത് ഇവർ ഈ വീട്ടിലെ സ്ഥിരതാമസക്കാരല്ലായെന്ന വസ്തുത തെളിയിക്കുന്നതാണെന്നും ജോസഫ് ടാർജറ്റ് പറഞ്ഞു.
ബൂത്ത് നമ്പർ 30ൽ സമാനമായ രീതിയിൽ 45 വോട്ടുകൾ ചേർത്തതായും ആരോപണമുന്നയിച്ചു. ക്യാപ്പിറ്റൽ ഗാർഡൻസ്, ടോപ്പ് പാരഡൈസ്, ചൈത്രം ഐ.ഡി.ബി.ഐ,ക്യാപ്പിറ്റൽ വില്ലേജ്, ശ്രീശങ്കരി എന്നീ ഫ്ളാറ്റുകളിലായാണ് വോട്ടുകൾ ചേർത്തിട്ടുള്ളത്. ഇവർ ആരും തന്നെ തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഈ ഫ്ലാറ്റുകളിലോ, മേൽവിലാസത്തിലോ താമസിച്ചതായി ആരുംതന്നെ സാക്ഷ്യപ്പെടുത്തുന്നില്ല. ഇവരുടെ ഇലക്ട്രൽ ഐ.ഡി കാർഡ് നമ്പർ ആപ്പ് വഴി പരിശോധിച്ചപ്പോൾ വോട്ടുകൾ ഇതേ പട്ടികയിൽ ഇപ്പോഴും തുടർന്നുവരികയാണ്. സമാനമായ രീതിയിൽ ശോഭാ സഫയർ, ശോഭ സിറ്റി, ചേലൂർ കൺട്രി കോട്ട്, ശക്തി അപ്പാർട്ട്മെൻറ്സ്, വാട്ടർ ലില്ലി ഫ്ലാറ്റ്സ്, ഗോവിന്ദ് അപ്പാർട്ട്മെന്റ്സ്, ശോഭ ടോപ്പ് പ്ലാസ എന്നിവിടങ്ങളിലും വോട്ടുകൾ ചേർത്തതിന് തെളിവുകളുണ്ടെന്നും, ഇവർക്ക് ആർക്കും തന്നെ കോർപ്പറേഷൻ വോട്ടർ പട്ടികയിൽ വോട്ടുകളില്ലായെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.
മണ്ഡലത്തിന് പുറത്തുള്ളവരും സ്ഥിരതാമസക്കാരുമല്ലാത്ത വോട്ടർമാരെ തിരഞ്ഞെടുപ്പ് സമയത്ത് അടഞ്ഞുകിടക്കുന്ന വീടുകളിലും ഫ്ളാറ്റുകളിലും വോട്ടർമാരാക്കി ചേർക്കുകയായിരുന്നു. വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഡി.സി സി തെളിവുകൾ ഹാജരാക്കി വിശദീകരിച്ചത്. ക്രമക്കേടുകൾക്ക് തുടക്കം കുറിച്ചത് എം.പിയായ സുരേഷ് ഗോപിയിലൂടേയാണെന്നത് ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും ആരോപിച്ചു. 65000 വോട്ടുകൾ ചേർത്തിയെന്ന് ബി.ജെ.പി തന്നെ അവകാശപ്പെടുമ്പോൾ ഇത്തരം വഴിവിട്ട രീതിയിലൂടെയാണോ ചേർത്തിയെന്ന് ബി.ജെ.പി വ്യക്തമാക്കേണ്ടതാണെന്നും, തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
തൃശൂർ: വോട്ടർപട്ടിക സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങൾ ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കണമെന്ന് സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃശൂർ നഗരത്തിലെ ഒരു ഫ്ലാറ്റിന്റെ മറവിൽ സ്ഥിരതാമസക്കാരല്ലാത്ത നിരവധി പേരെ വോട്ടർപട്ടികയിൽ കൂട്ടത്തോടെ ചേർത്തതായി കണ്ടെത്തിയിരുന്നു. അന്ന് തന്നെ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നതായും ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പ്രസ്താവനയിൽ വ്യക്തമാക്കി. ജനാധിപത്യ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തവും കൂട്ടായതുമായ പ്രതിരോധം അനിവാര്യമാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.