ശ്വേത മേനോൻ, കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: നടി ശ്വേത മേനോന് പിന്തുണയുമായി നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ രംഗത്ത്. ശ്വേതയ്‌ക്കെതിരെ കേസ് കൊടുത്തത് പത്രത്തിൽ പേര് വരാൻ വേണ്ടിയുള്ള ചീപ്പ് നമ്പരാണ്. അഭിനയിച്ച സിനിമയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. താരസംഘടനയായ ‘അമ്മ’ സ്ത്രീവിരുദ്ധ സംഘടനയാണെന്ന ധാരണ തിരുത്താൻ സ്ത്രീകൾ നേതൃനിരയിലേക്ക് വരണമെന്നാണ് താൻ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
“ഇത്തരത്തിൽ കേസുകൊടുക്കുന്നതെല്ലാം മോശം പ്രവണതയാണ്. അങ്ങനെ ചെയ്യാൻ പാടില്ല. അമ്മ അസോസിയേഷന്‍റെ പഴയ പ്രവർത്തകനെന്ന നിലയിൽ, അതിന്‍റെ ഭരണസമിതിയിലേക്ക് സ്ത്രീകൾ വരണമെന്നാണ് എന്‍റെ അഭിപ്രായം. സ്ത്രീകൾക്കെതിരാണ് സംഘടന എന്ന തോന്നൽ ജനിപ്പിച്ചു. അത് മാറണമെങ്കിൽ സ്ത്രീകൾ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആദ്യം പറഞ്ഞയാൾ ഞാനാണ്. അതിനെ അംഗങ്ങൾ പിന്തുണച്ചിരുന്നു. ഇപ്പോൾ സ്ഥാനാർഥികളായി വന്നവരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നല്ലതല്ല. ആരും അതിന് കൂട്ടുനിൽക്കാൻ പാടില്ല. അപലപനീയമാണത്.
ഇത്തരം നാണംകെട്ട കേസ് കൊടുത്തവരെ ഓർത്ത് ലജ്ജിക്കുന്നു. എല്ലാവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നിരവധി സിനിമയിൽ ഞാൻ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ഞാനിപ്പോൾ മന്ത്രിയാണ്. പഴയ സിനിമ എടുത്തുവെച്ച് ഇയാൾ വില്ലനാണെന്ന് പറയുന്നത് ശരിയാണോ? അവർ അതുപോലെ ഒരു സിനിമയിൽ അഭിനയിച്ചു. പാലേരിമാണിക്യം, അതി ഗംഭീര സിനിമയാണത്. അവാർഡ് നേടിയിട്ടുള്ള അത്തരമൊരു സിനിമയിലെ ഒരു രംഗമെടുത്ത് കേസുകൊടുക്കാൻ പോകുന്നത് പേപ്പറിൽ പേരുവരാനുള്ള ചീപ്പ് നമ്പരാണ്. സ്ത്രീകൾ തലപ്പത്ത് വരുന്നത് നമ്മുടെ നാട്ടിൽ ചിലർക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാകാം അത്തരം നീക്കങ്ങളൊക്കെ ഉണ്ടാകുന്നത്” -മന്ത്രി പറഞ്ഞു.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. അനാശാസ്യ നിരോധന നിയമവും ഐ.ടി നിയമവും അനുസരിച്ചാണ് കേസെടുത്തത്.
എന്നാൽ പിന്നീട് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. കേസെടുക്കാൻ നിർദേശിച്ച് പരാതി പൊലീസിന് കൈമാറിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഇടക്കാല ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് റിപ്പോർട്ടും തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.