പ്രമേഹം; കണ്ണുകളെ ശ്രദ്ധിക്കണം

കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് പ്രമേഹരോഗികളുടെ എണ്ണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയായ പ്രമേഹം നേരത്തേ 55 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ യുവാക്കളെയും പ്രമേഹം ബാധിക്കുന്നതായി കാണാം. പ്രമേഹം ശരീരത്തിലെ ഓരോ കോശത്തെയും ദോഷകരമായി ബാധിക്കുന്നതോടെ പല അവയവങ്ങളുടെയും ആരോഗ്യം ക്രമേണ ഇല്ലാതാകും. ​

പ്രായമേറിയ പ്രമേഹരോഗികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹം കണ്ണുകളെ ബാധിക്കുകയും കാഴ്ചശക്തി കുറയുന്നതുമായ അവസ്ഥയാണിത്. ഏറെ നാളായുള്ള പ്രമേഹംമൂലം കണ്ണുകളിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണം. രക്തക്കുഴലുകളിലെ ബ്ലോക്ക് മൂലം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയുകയും ഈ ഭാഗത്തേക്കുള്ള ഓക്സിജന്‍ ലഭ്യതയില്‍ കുറവ് സംഭവിക്കുകയുംചെയ്യും. നേത്രങ്ങളിലെ പ്രധാന കോശങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാതിരിക്കുന്നതിനാല്‍ പ്രവര്‍ത്തനക്ഷമത കുറക്കുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും. പ്രാരംഭഘട്ടത്തിൽ രോഗലക്ഷണങ്ങൾ കുറവാണെങ്കിലും പിന്നീട് ഗുരുതരമാകുന്നതോടെ കാഴ്ചശക്തിയിൽ കുറവുവരും.

രോഗം മൂർച്ഛിക്കുന്നതോടെ ചിലരിൽ രക്തക്കുഴൽ കണ്ണിന്റെ ഉപരിതലത്തിലേക്ക് തള്ളിവരികയും കണ്ണിന് വേദന അനുഭവപ്പെടുകയുംചെയ്യാം. കൂടുതൽ കാലമായി പ്രമേഹബാധിതരാണെങ്കിൽ ഈ അവസ്ഥ കണ്ടുവരാം. കൂടാതെ തുടർച്ചയായി അഞ്ചു വർഷത്തിലധികം ​പ്രമേഹ ബാധിതരാണെങ്കിൽ അവരിൽ രോഗസാധ്യത കൂടുതലാണെന്നും പറയുന്നു. കൃത്യമായ പ്രമേഹ നിയന്ത്രണമില്ലാത്ത അവസ്ഥ, മറ്റു ജീവിതശൈലീ രോഗങ്ങളുടെ സാന്നിധ്യം എന്നിവ ഡയബറ്റിക് റെറ്റിനോപ്പതിയെ സ്വാധീനിക്കും. രക്തസമ്മർദം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, കരള്‍രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ രോഗം ബാധിക്കാനുള്ള വേഗം കൂട്ടും.

കണ്ണില്‍നിന്ന് നീര് വരുക, കണ്ണില്‍ പാടപോലെ രൂപപ്പെടുകയും കാഴ്ച മങ്ങുകയും ചെയ്യുക, കൃഷ്ണമണിയില്‍നിന്ന് രക്തസ്രാവമുണ്ടാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുക തുടങ്ങിയവയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങൾ. ദീര്‍ഘനാളായി പ്രമേഹമുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാഴ്ച പരിശോധന നടത്തണം. കൃഷ്ണമണിയില്‍ മരുന്നുകള്‍ ഒഴിച്ച് റെറ്റിന പരിശോധിക്കുന്നതിലൂടെ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാകും. രോഗത്തിന്റെ തീവ്രത, സ്വഭാവം എന്നിവ കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായിവരും. ഫ്ലൂറസെന്‍ ആന്‍ജിയോഗ്രഫി, ഒ.സി.ടി തുടങ്ങിയ പരിശോധനകളിലൂടെ ഡയബറ്റിക് റെറ്റിനോപ്പതി കൃത്യമായി തിരിച്ചറിയാന്‍ സാധിക്കും.

കൃത്യസമയത്ത് രോഗം കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയുംചെയ്‌താല്‍ ഡയബറ്റിക് റെറ്റിനോപ്പതി മൂലം പൂര്‍ണമായും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സാധിക്കും. ഇതോടൊപ്പം പ്രമേഹം നിയന്ത്രിക്കുകയും വേണം. നിശ്ചിത ഇടവേളകളില്‍ കണ്ണില്‍ ഇന്‍ജക്ഷന്‍, ലേസര്‍ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയവയാണ് ഡയബറ്റിക് റെറ്റിനോപ്പതി മാറ്റിയെടുക്കുന്നതിനുള്ള വിവിധ ചികിത്സാ രീതികള്‍.

Tags:    
News Summary - diabetes may affect eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.