മലപ്പുറം: കാരുണ്യ ഫാർമസിയിൽനിന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രികളിലേക്കുമുള്ള മരുന്നുവിതരണം മുടങ്ങി. സ്വകാര്യ കൊറിയർ/പാർസൽ കമ്പനിയുമായുള്ള കാരുണ്യയുടെ കരാർ അവസാനിച്ചതാണ് കാരണം. തദ്ദേശഭരണസ്ഥാപനങ്ങൾ മുൻകൂട്ടി പണമടച്ച് ഓർഡർ ചെയ്ത മരുന്നുകളുടെ വിതരണമാണ് നിലച്ചത്. രണ്ടാഴ്ചയിലേറെയായി സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് എത്താത്തതിനാൽ രോഗികൾ വലയുകയാണ്. പകർച്ചപ്പനിയടക്കം പടരുന്നതിനിടെയാണ് വിതരണം പ്രതിസന്ധിയിലായിരിക്കുന്നത്.
പുതിയ കൊറിയർ കമ്പനിയുമായി കരാർ ഉറപ്പിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ ഒരു മാസംകൂടി കഴിയാതെ വിതരണം പുനഃസ്ഥാപിക്കാനാവില്ലെന്നാണ് വിവരം. മരുന്ന് വേണ്ടവർ സ്വന്തം ചെലവിൽ വാഹനവുമായി ചെന്ന് ഡിപ്പോയിൽനിന്ന് എടുക്കാനാണ് കാരുണ്യയിൽനിന്നുള്ള നിർദേശം. മരുന്നുകൾ സ്ഥാപനത്തിലെത്തിക്കാനാവശ്യമായ പാർസൽ ചാർജ് ഉൾപ്പെടെയുള്ള തുക മുൻകൂറായി കാരുണ്യക്ക് നൽകിയതിനാൽ ഇനി മരുന്ന് എടുത്തുവരാൻ സ്ഥാപനങ്ങളിലെ വാഹനമോ വാടകവാഹനമോ ഉപയോഗിച്ചാൽ ഓഡിറ്റ് തടസ്സവാദമുണ്ടാകുമെന്ന ആശങ്കയിലാണ് സ്ഥാപന മേധാവികൾ.
ജീവൻരക്ഷാമരുന്നുകൾ എത്തിക്കുന്നതിനുള്ള കരാർ മുൻകൂട്ടി പുതുക്കാതെ തികഞ്ഞ അലംഭാവമാണ് കാരുണ്യയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആക്ഷേപമുണ്ട്. വിതരണം മുടങ്ങിയതിനാൽ ഒട്ടുമിക്ക മരുന്നുകൾക്കും ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. കാരുണ്യയിൽനിന്ന് മരുന്നുകൾ ലഭിക്കാതെവന്നാൽ സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങി മറ്റു സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് വാങ്ങാമെന്ന് സർക്കാർ വ്യവസ്ഥയുണ്ട്. എന്നാൽ, മൊത്തം തുകയും കാരുണ്യക്ക് കൈമാറിയതിനാൽ ഇപ്പോൾ ഇതും സാധ്യമല്ല. കാരുണ്യയുടെ കൊല്ലം, തൃശൂർ ഡിപ്പോകൾ വഴിയാണ് വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം.
ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളും നഗരസഭകളും മരുന്നു വാങ്ങുന്നതിന് എല്ലാ വർഷവും പ്രോജക്ട് വെക്കുന്നുണ്ട്. സർക്കാർ സപ്ലൈ കുറവുള്ള മരുന്നുകളാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രോജക്ട് വെച്ച് വാങ്ങിക്കൊടുക്കുന്നത്. പകർച്ചവ്യാധികൾക്കും ജീവിതശൈലീരോഗങ്ങൾക്കുമുള്ള മരുന്നുകൾ, പാലിയേറ്റിവ് മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, ലേപനങ്ങൾ, സർജിക്കൽ ഉപകരണങ്ങൾ, കോട്ടൺ, സൂചി തുടങ്ങി ആശുപത്രിയിൽ കുറവ് വരുന്നതെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങൾ ഇങ്ങനെ വാങ്ങിക്കൊടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.