നമ്മുടെ ശരീരത്തിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മലിനവസ്തുക്കളെ അരിച്ചുമാറ്റുക, ഫ്ലൂയ്ഡുകളുടെ സന്തുലനം, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കൽ തുടങ്ങിയ ജോലികളെല്ലാം വൃക്കകളാണ് ചെയ്യുന്നത്. പലപ്പോഴും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തിന് ശ്രദ്ധകൊടുക്കുമ്പോൾ വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കാതെ പോകാറുണ്ട്. വൃക്കകളുടെ ആരോഗ്യം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങൾ വളരെ സാധാരണമെന്ന് തോന്നാമെങ്കിലും ക്രമേണ അവ വൃക്കകൾക്ക് മേല്‍ സമ്മർദം ഉണ്ടാക്കുകയും വൃക്കയിൽ കല്ല്, ഉയർന്ന രക്തസമ്മർദം, വൃക്കത്തകരാറ് എന്നിവക്ക് കാരണമാകുകയും ചെയ്യും. വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ...
വൃക്കകളുടെ ആരോഗ്യത്തിന് ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വെള്ളരിക്കയിൽ 95% വെള്ളത്തിന്റെ അംശം ഉണ്ട്. അതായത് അവ അധിക ജലാംശം നൽകുന്നു. ക്രിയേറ്റിനിൻ, യൂറിക് ആസിഡ് തുടങ്ങിയ വൃക്കകളിൽ നിന്നുള്ള മാലിന്യങ്ങൾ പുറന്തള്ളാൻ ഈ ജലാംശം സഹായിക്കും. ജലാംശം കൂടുതലുള്ള മറ്റ് പച്ചക്കറികളിൽ വെള്ളരിക്ക ഏറ്റവും കുറഞ്ഞ കലോറിയുള്ള ഒന്നാണ്. അതിനാൽ എത്ര കഴിച്ചാലും ശരീരത്തിന് ദോഷം ചെയ്യില്ല. സാലഡുകളിൽ ചേർത്തോ അല്ലെങ്കിൽ വെള്ളരിക്ക ചേർത്ത വെള്ളം കുടിക്കുന്നതോ നല്ലതാണ്.
നാരങ്ങയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, സിട്രേറ്റ് എന്നിവ വൃക്കയിലെ കല്ലുകളുടെ സാധ്യത കുറക്കുന്നു. ദിവസവും അര കപ്പ് നാരങ്ങാനീര് വെള്ളത്തിൽ ലയിപ്പിച്ചോ രണ്ട് നാരങ്ങയുടെ നീരോ കുടിക്കുന്നത് മൂത്രത്തിലെ സിട്രേറ്റ് വർധിപ്പിക്കുകയും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നാരങ്ങാനീര് വെള്ളത്തിലോ ചായയിലോ പിഴിഞ്ഞ് കുടിക്കുന്നതും നല്ലതാണ്. പതിവായി കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറക്കാൻ സഹായിക്കും. എന്നാൽ ഉയർന്നാൽ വൃക്ക സമ്മർദ്ദത്തിന് കാരണമാകും.
വിവിധ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം വൈറ്റമിന്‍ ബി6, ബി9, സി, കെ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാല്‍ ഇവ വൃക്കകള്‍ക്ക് ഗുണപ്രദമാണ്.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള വെളുത്തുള്ളി ശരീരത്തിലെ നീര്‍ക്കെട്ടും കുറക്കും. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്‌സിഡന്റുകളാണ് വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നത്. വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോള്‍ കുറക്കാനും ഇത് ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.