ദന്ത സംരക്ഷണത്തിൽ അവിഭാജ്യ സ്ഥാനമാണ് ഫ്ലുറൈഡിനുള്ളത്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റും കുടിവെള്ളവും പതിറ്റാണ്ടുകളായി പല്ല് ഡോക്ടർമാർ ശിപാർശ ചെയ്യുന്നുണ്ട്. പക്ഷേ, ഈ അടുത്ത കാലത്തായി ഫ്യൂറൈഡ് ഇല്ലാത്ത ടൂത്ത് പേസ്റ്റുകൾക്കാണ് ആവശ്യക്കാർ കൂടിവരുന്നത്.
അതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് സമൂഹമാധ്യമങ്ങൾ വഴി ഇൻഫ്ലുവൻസർമാർ ഇത്തരം ബ്രാൻഡുകൾക്ക് നൽകുന്ന പ്രമോഷനാണ്. പലപ്പോഴും യാതൊരു ശാസ്ത്രീയ തെളിവുകളുടെയും പിൻബലമില്ലാതെയായിരിക്കുമിത്.
പല്ലിനുണ്ടാകുന്ന കേടുകൾക്കെതിരായ ശക്തമായ മരുന്നായി ഫ്ലൂറൈഡ് പണ്ടേ കണക്കാക്കപ്പെടുന്നു. പല്ലിന്റെ നഷ്ടപ്പെട്ട ഇനാമൽ പുനർനിർമിക്കാൻ സഹായിക്കുന്നതും, ഭക്ഷണത്തിൽ നിന്നും ബാക്ടീരിയകളിൽ നിന്നുമുള്ള ആസിഡ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു എന്നതുതന്നെ കാരണം.
പല ദന്തഡോക്ടർമാരും ഇപ്പോഴും ഫ്ലൂറൈഡിന് പകരംവെക്കാൻ മറ്റൊന്നും ഇല്ലെന്നുതന്നെ കണക്കാക്കുന്നു. പ്രത്യേകിച്ചും ദന്തക്ഷയ സാധ്യത കൂടുതലുള്ളവർക്ക്. ഒരു മൾട്ടിവൈറ്റമിൻ ടാബ്‌ലെറ്റ് കഴിക്കുന്നത് പോലെതന്നെ സുരക്ഷിതമാണ് ഫ്ലൂറൈഡ് എന്ന് ഡെന്‍റിസ്റ്റായ ഡോ. അദിതി പറയുന്നു.
എങ്കിലും ഫ്ലൂറൈഡ് എല്ലാവർക്കും അത്യാവശ്യമല്ല. നിങ്ങൾ ശരിയായ രീതിയിൽ, ശരിയായ സമയത്ത് ബ്രഷ് ചെയ്യുന്നിടത്തോളം കാലം ഫ്യൂറൈഡിന്‍റെ സഹായമില്ലാതെയും പല്ലുകൾ കേടാവാതെ സൂക്ഷിക്കാം. ജീവിതശൈലിയാണ് ദന്തസംരക്ഷണത്തിന്‍റെ താക്കോൽ. പഞ്ചസാര കുറഞ്ഞ ഭക്ഷണക്രമം പാലിക്കുക, ഇടക്കിടെ സ്നാക്ക്സ് കഴിക്കുന്നത് ഒഴിവാക്കുക, ദന്ത ശുചിത്വം പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഫ്ലൂറൈഡ് ഒരു പ്രശ്നമല്ല, പക്ഷേ അത് ഒരേയൊരു പരിഹാരവുമല്ല. നിങ്ങളുടേത് ശരിയായ ഭക്ഷണക്രമം, സ്ഥിരതയുള്ള ബ്രഷിങ് ശീലങ്ങൾ, പല്ലിൽ കേടുവരാനുള്ള സാധ്യത കുറവ് എന്നാണെങ്കിൽ ഫ്ലൂറൈഡ് രഹിത ടൂത്ത് പേസ്റ്റ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അല്ലാത്ത പക്ഷം ഫ്ലൂറൈഡ് ഒരു സഹായിയാണ്.
ഒരു പയർ മണിയുടെ വലുപ്പത്തിൽ മാത്രം ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക, പേസ്റ്റ് വിഴുങ്ങാതിരിക്കാനും ശ്രദ്ധിക്കുക. വളരെ ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് ഡെന്റൽ ഫ്ലൂറോസിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകുമെങ്കിലും, ഉചിതമായ അളവിൽ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പതിവായി ബ്രഷ് ചെയ്യുന്നത് (കുട്ടികൾക്ക് ഏകദേശം 550 ppm, മുതിർന്നവർക്ക് 1000-1500 ppm) സുരക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.