ലണ്ടൻ: നേരത്തെ സ്മാർട്ട്‌ഫോൺ സ്വന്തമാക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം. ചെറുപ്പത്തിൽ തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ആദ്യ ഫോൺ ലഭിക്കുന്നതുതൊട്ട് പ്രായം കൂടുന്തോറും അപകടസാധ്യത വർധിക്കുമെന്നും ഏറ്റവും പുതിയ പഠനം കണ്ടെത്തി.
സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങൾ സൃഷ്ടിക്കുന്നതിനും 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകൾ പരിമിതപ്പെടുത്തുന്നതിനും, സോഷ്യൽ മീഡിയയോ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കമോ ഇല്ലാതെ ‘കുട്ടികളുടെ ഫോണുകൾ’ പോലുള്ള ബദലുകൾ കണ്ടെത്തുന്നതിനുള്ള ആവശ്യകതയെയും പഠനം ഊന്നിപ്പറയുന്നു.
ഇന്ത്യയിലെ 14,000 പേർ ഉൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിലെ 12നും 24 നും ഇടയിൽ പ്രായമുള്ള 1,30000 പേരിൽ നിന്നുള്ള മാനസികാരോഗ്യ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
12 വയസ്സോ അതിൽ താഴെയോ പ്രായമുള്ളപ്പോൾ ആദ്യമായി സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആക്രമണ സ്വഭാവം, യാഥാർഥ്യത്തിൽ നിന്നുള്ള അകൽച്ച, വിഭ്രാന്തി, ആത്മഹത്യാ ചിന്തകൾ എന്നിവ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
എല്ലാ പ്രദേശങ്ങളിലും സംസ്കാരങ്ങളിലും, ഭാഷകളിലും ഇത് പൊതുവായി കാണപ്പെടുന്നു. കൂടാതെ സ്മാർട്ട്‌ഫോൺ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന ഒരു ലോകത്തെ ഇത് വെളിപ്പെടുത്തുന്നുവെന്നും ‘ജേണൽ ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കേപ്പബിലിറ്റീസി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞു.
കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന് തങ്ങളുടെ കണ്ടെത്തലുകൾ ശക്തമായ ഒരു തെളിവാണെന്ന് ‘കുട്ടികളുടെ സ്മോർട്ട്ഫോൺ അനുഭവങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ രൂപപ്പെടുത്തുന്നു’ എന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ ഒരു സർക്കാറിതര സ്ഥാപനമായ സാപിയൻ ലാബ്‌സിലെ മുഖ്യ ശാസ്ത്രജ്ഞയായ താര ത്യാഗരാജൻ പറഞ്ഞു. ‘അവരുടെ ദീർഘകാല മാനസികാരോഗ്യത്തിനുണ്ടാകുന്ന അപകടസാധ്യതകൾ അവഗണിക്കാൻ കഴിയാത്തത്ര ഗുരുതരമാണ്’ എന്നും താര പറഞ്ഞു.
അഞ്ചോ ആറോ വയസ്സിൽ സ്മാർട്ട്‌ഫോൺ വാങ്ങിയ 18-24 വയസ്സുള്ള പെൺകുട്ടികളിൽ 48 ശതമാനം പേരിൽ ആത്മഹത്യാ ചിന്തകൾ റിപ്പോർട്ട് ചെയ്തു. 13 വയസ്സിൽ ഫോൺ സ്വന്തമാക്കിയവരിൽ 28 ശതമാനം പേരും.
ജനുവരിയിൽ പുറത്തിറങ്ങിയ യുനെസ്കോ റിപ്പോർട്ടിൽ, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുടെ 40 ശതമാനവും 2024 അവസാനത്തോടെ സ്മാർട്ട്‌ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു ആഗോള സർവേയെ ഉദ്ധരിക്കുന്നുണ്ട്. ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവ അടക്കം 79 രാജ്യങ്ങൾ അവയിൽ ഉൾപ്പെടുന്നു.
2009ൽ ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ വിദ്യാർഥികൾ സ്‌കൂളിൽ ഫോൺ കൊണ്ടുപോകരുതെന്ന് ശിപാർശ ചെയ്യുകയും ജീവനക്കാരുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യയിലെ കുട്ടികൾ വീട്ടിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങുന്ന പ്രായം പൂർണമായും മാതാപിതാക്കളെ ആശ്രയിച്ചാണെന്നും അതിൽ പറയുന്നു.
അതേസമയം, 16 വയസ്സിന് താഴെയുള്ളവർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ എടുക്കുന്നത് തടയാൻ 2024 ഡിസംബറിൽ ആസ്ത്രേലിയ നിയമനിർമാണം പാസാക്കി. പ്രായപരിധി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസം സമയവും നൽകി.
നിലവിലെ തെളിവുകൾ ആദ്യകാല സ്മാർട്ട്‌ഫോൺ ഉപയോഗവും പിന്നീടുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും തമ്മിലുള്ള നേരിട്ടുള്ള കാരണങ്ങളോ ഫലങ്ങളോ തമ്മിലുള്ള ബന്ധം തെളിയിക്കുന്നില്ലെങ്കിലും, ദോഷത്തിനുള്ള സാധ്യത മുൻകരുതൽ പ്രതികരണങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ വാദിക്കുന്നു.
‘നമുക്ക് ഇതുവരെ ഇതുണ്ടാക്കുന്ന നാഡീ സംവിധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. പക്ഷേ, സോഷ്യൽ മീഡിയയുമായി നേരത്തെ സമ്പർക്കം പുലർത്തുമ്പോൾ ഉറക്ക അസ്വസ്ഥതകൾ, മോശം കുടുംബ ബന്ധങ്ങൾ എന്നിവ അനുഭവിക്കുന്ന യുവതലമുറ ആണ് ഇതിന്റെ കൂടുതൽ ഭീഷണി അനുഭവിക്കുന്നതെന്ന് മനസ്സിലാവുന്നുവെന്നും താര ത്യാഗരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.