തലയിണ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ?

തടസമില്ലാത്ത ഉറക്കത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ആരോഗ്യ കാര്യത്തിൽ അവ ഏതെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കിടക്കയുടെ ഗുണനിലവാരത്തിലും ഉറക്കത്തിന്‍റെ ദൈർഘ്യത്തിലും ആണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കാറുള്ളത്. എന്നാൽ ഇതിനായി ഉപയോഗിക്കുന്ന തലയിണയുടെ പൊക്കവും ഗുണനിലവാരവും ഉറക്കത്തിന്‍റെ ഗുണനിലവാരത്തേയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. കഴുത്ത്, തോളുകൾ, മുകൾഭാഗം എന്നിവയെ ബന്ധിപ്പിക്കുന്ന ട്രപീസിയസ് പേശി, ശരീരഘടനയിലും ചലനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. പകൽ സമയത്ത് ഈ പേശി നിരന്തരം വ്യായാമത്തിൽ മുഴുകിയിരിക്കും. എന്നാൽ രാത്രിയിൽ ഇതിന് വിശ്രമം ആവശ്യമാണ്. നിർഭാഗ്യവശാൽ പല തലയിണകളും ശരിയായ രീതിയിൽ കഴുത്തിന് സപ്പോർട്ട് നൽകുന്നില്ല.

തലയിണ കഴുത്തിലെ പേശികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. തലയിണക്ക് ആവശ്യത്തിലധികം ഉയരം ഉണ്ടെങ്കിൽ, കഴുത്ത് അമിതമായി മുകളിലേക്ക് വളയും. അതുപോലെ ഉയരം കുറവാണെങ്കിൽ തല താഴേക്ക് വളയും. ഈ രണ്ട് സാഹചര്യങ്ങളിലും കഴുത്തിലെ പേശികൾക്ക് ആയാസമുണ്ടാകുന്നു. മലർന്നു കിടക്കുന്ന ഒരാളാണെങ്കിൽ കട്ടിയുള്ള തലയിണ ഉപയോഗിക്കുമ്പോൾ കഴുത്തിന് ബുദ്ധിമുട്ടുണ്ടാകും. അതുപോലെ കമഴ്ന്ന് കിടക്കുന്ന ആളാണെങ്കിൽ കഴുത്ത് ഒരു വശത്തേക്ക് തിരിച്ച് വെച്ച് കിടക്കുമ്പോൾ പേശികൾക്ക് ആയാസമുണ്ടാകും.

ഉയർന്ന തലയണ ഉപയോഗിക്കുമ്പോൾ ബാക്ടീരിയയുടെ അടിഞ്ഞു കൂടൽ, ഘർഷണം, സെബം പോലെയുള്ള ദ്രാവകങ്ങളുടെ അടിഞ്ഞു കൂടൽ, കഴുത്തിന് നീർക്കെട്ട് എന്നിവ മൂലം ചർമ്മത്തിൽ ചുളിവുകൾ, മുഖക്കുരു, അസ്വസ്ഥത, കണ്ണിന് താഴെ വീർപ്പ് തുടങ്ങിയ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന പൊക്കമുള്ള തലയിണ ഉപയോഗിക്കുമ്പോൾ സ്വഭാവികമായും താടി നെഞ്ചിലേയ്ക്ക് അമർന്നായിരിക്കും ഇരിക്കുക. ഇത് രക്തക്കുഴലുകളേയും, ലിംഫറ്റിക് കനാലുകളേയും ചുരുക്കുകയും അങ്ങനെ രക്തയോട്ടത്തിന് തടസം ഉണ്ടാവുകയും ചെയ്യുന്നു.

മലർന്നു കിടക്കുകയാണെങ്കിൽ കഴുത്തിന് നല്ല താങ്ങു നൽകുന്ന, നട്ടെല്ലിന് നേരെ നിൽക്കാൻ സഹായിക്കുന്ന തരത്തിലുള്ള തലയിണ തിരഞ്ഞെടുക്കുക. ​ഒരു വശം ചെരിഞ്ഞു കിടക്കുകയാണെങ്കിൽ, കഴുത്തും തോളെല്ലും തമ്മിലുള്ള വിടവ് നികത്തുന്ന തരത്തിലുള്ള തലയിണ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ​തലയിണയുടെ മെറ്റീരിയൽ പ്രധാനമാണ്. മെമ്മറി ഫോം, ഫെതർ, കോട്ടൺ തുടങ്ങിയവ വ്യത്യസ്ത അനുഭവം നൽകുന്നു. തലയിണ സ്ഥിരമായി ഉപയോഗിക്കണം എന്നുണ്ടെങ്കിൽ ഉചിതമായവ തിരഞ്ഞെടുക്കുക. കൂടതെ കിടക്കുന്ന പൊസിഷനും ശ്രദ്ധിക്കണം. രണ്ട് ദിവസം കൂടുമ്പോൾ എങ്കിലും തലയിണയും, ബെഡ്ഷീറ്റും മറ്റും വൃത്തിയായി കഴുകാനും മറക്കരുത്.

Tags:    
News Summary - your pillow silently damaging your neck?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.