ഒറ്റപ്പാലം: അസ്വാഭാവികതയൊന്നുമില്ലെന്ന് പറഞ്ഞ് സ്വകാര്യാശുപത്രിയിൽ നിന്ന് തിരിച്ചയച്ച വയോധികന്റെ കണ്ണിൽ നിന്ന് ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പത്ത് സെൻറിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു.
എറണാകുളം സ്വദേശിയായ 70 കാരന്റെ കൺപോളയുട അകത്തുനിന്നാണ് ഡൈറോഫിലേറിയ എന്ന വിരയെ നീക്കം ചെയ്തത്. കണ്ണിൽ തടിപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം നേരത്തെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, പരിശോധിച്ച ഡോക്ടർ അസ്വാഭാവികതകളൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
തുടർന്നും തടിപ്പ് അനുഭവപ്പെട്ട ഭാഗത്ത് അസ്വസ്ഥത തുടർന്നു. ഇതിനിടെയാണ് മാസങ്ങൾക്ക് മുമ്പ് സമാന രീതിയിലുള്ള അസ്വസ്ഥതയുമായി ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തിയ മൂന്നര വയസുകാരിയുടെ കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്ത വാർത്ത ഇദ്ദേഹം കാണാനിടയായത്.
തുടർന്ന് ഒറ്റപ്പാലം ആശുപത്രിയിലെത്തി നേത്രചികിത്സ വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. നേത്രരോഗ വിദഗ് ധരായ ഡോ. എം. അണിമ, ഡോ. ടി.വി സിത്താര എന്നിവർ നടത്തിയ പരിശോധനയിലാണ് കൺപോളക്കകത്തെ വിരയെ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു. കഴിഞ്ഞ ജൂൺ അഞ്ചിനാണ് മൂന്നര വയസുകാരിയുടെ കണ്ണിൽ നിന്ന് മൂന്നര സെൻറിമീറ്റർ നീളമുള്ള വിരയെ നീക്കം ചെയ്തത്. ഇതേ ഡോക്ടർമാർ തന്നെയാണ് അന്നത്തെ ശസ്ത്രക്രിയക്കും നേതൃത്വം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.