തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലേക്കും മെഡിക്കൽ കോളജുകളിലേക്കും ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്തതിന് 158.7 കോടി രൂപ കുടിശ്ശിക ആയതോടെ വിതരണം നിർത്തി കമ്പനികൾ. 18 മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. സ്റ്റെന്റുകൾ, ഗൈഡ് വയറുകൾ, ഗൈഡ് കത്തീറ്ററുകൾ, പി.ടി.സി.എ ബലൂണുകൾ എന്നിവയുൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകിയ കമ്പനികളാണ് പണംകിട്ടാതെ പ്രതിസന്ധിയിലായത്.
കുടിശ്ശിക കുന്നുകൂടിയതോടെ കമ്പനികളുടെ കൂട്ടായ്മയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസിബിൾസ് (സി.ഡി.എം.ഐ.ഡി) വിതരണം നിർത്താൻ തീരുമാനിക്കുകയായിരുന്നു. 36 കോടി നൽകാനുള്ള കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുടിശ്ശിക കൂടുതൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് -29.56 കോടി, കോട്ടയം മെഡിക്കൽ കോളജ് -21.74 കോടി എന്നിങ്ങനെയാണ് 20 കോടിക്ക് മുകളിൽ കുടിശ്ശികയുള്ള സ്ഥാപനങ്ങൾ.
ആകെ കുടിശ്ശികയുള്ള 158.7 കോടിയിൽ 41.34 കോടി 2024 ജൂൺ വരെയുള്ളതാണ്. അതിനുശേഷം ഈവർഷം ജൂൺ വരെയുള്ളതാണ് 117.34 കോടി. ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ഉൾപ്പെടെ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് കമ്പനികളുടെ പരാതി. കുടിശ്ശിക തീർക്കാതെ സാമഗ്രികൾ വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് കമ്പനികൾ.
നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും ഒരാഴ്ചത്തേക്കുള്ള ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ സ്റ്റോക്കുണ്ട്. സമരം തുടർന്നാൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ നടക്കൂ. സമരം ആഴ്ചകൾ നീണ്ടാൽ സ്റ്റോക്ക് തീരുകയും പ്രതിസന്ധി രൂക്ഷമായി ശസ്ത്രക്രിയകൾ മുടങ്ങുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.