തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മർദിച്ച സംഭവത്തിൽ കടുത്ത നടപടികളിലേക്ക് പൊലീസും സർക്കാറും. പ്രതിപ്പട്ടികയിലുള്ള നാല് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി കൈക്കൊള്ളാൻ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നിയമോപദേശം ലഭിച്ചു. തരംതാഴ്‌ത്തലോ പിരിച്ചുവിടലോ ഉണ്ടാകാനാണ് സാധ്യത. അന്തിമ തീരുമാനം സർക്കാറിന്‍റെതായിരിക്കും.
നേരത്തെയെടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശമുണ്ട്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ, നിലവിൽ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല. പ്രതിപ്പട്ടികയിലുള്ള പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഇതിന് ശേഷമാകും തുടർ നടപടി. സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ഡി.ഐ.ജി ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐ.ജി രാജ്പാൽ മീണയുടേതാണ് ഉത്തരവ്.
എസ്.ഐ നുഅ്മാൻ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരെയാണ് നടപടി. മർദനം നടന്ന് രണ്ടര വർഷം തികയാറായപ്പോൾ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികളിലേക്ക് പൊലീസ് നീങ്ങിയത്.
2023 ഏപ്രിൽ അഞ്ചിന് നടന്ന മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ നിയമപോരാട്ടങ്ങളിലൂടെ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റായ സുജിത് തന്നെയാണ് നേടിയെടുത്തത്. ഇവ സെപ്റ്റംബർ മൂന്നിന് പുറത്തുവന്നെങ്കിലും കടുത്ത നടപടിക്ക് പൊലീസും ആഭ്യന്തര വകുപ്പും തയാറായിരുന്നില്ല. സംഭവം നടന്ന സമയംതന്നെ നടപടിയെടുത്തിരുന്നുവെന്ന നിലപാടിലായിരുന്നു പൊലീസ്. കുന്നംകുളം കോടതി പൊലീസുകാർക്കെതിരെ സ്വമേധയാ കേസെടുത്തതിെല നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി തുടർനടപടി തടയുന്ന സമീപനമായിരുന്നു സ്വീകരിച്ചത്.
എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങളിലെ ക്രൂരമായ ആക്രമണത്തിലുയർന്ന പ്രതിഷേധവും കോൺഗ്രസും യൂത്ത് കോൺഗ്രസും പൊലീസുകാരുടെ വീട്ടിലേക്കും ഡി.ഐ.ജി ഓഫിസിനു മുന്നിലും നടത്തിയ സമരങ്ങളുമാണ് സസ്പെൻഷനിലേക്കു നയിച്ചത്.
തൃശൂർ: എസ്. ഐ അടക്കം നാലു പൊലീസുകാരുടെ സസ്പെൻഷനിൽ തൃപ്തനല്ലെന്ന് വി. എസ് സുജിത്. ഒരാൾക്കെതിരെ ഇപ്പോഴും നടപടിയില്ല. അഞ്ചു പേരെയും സർവിസിൽ നിന്ന് പുറത്താക്കും വരെ നിയമ പോരാട്ടം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.