മലപ്പുറം: കേരള സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിലെ സാമൂഹ്യക്ഷേമ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കേന്ദ്രം തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഹൈകോടതിയെ സമീപിച്ചു. മലബാറിലെ വോട്ടർമാരുടെ യാത്രാസൗകര്യാർഥം തെരഞ്ഞെടുപ്പ് കേന്ദ്രം തൃശൂരിൽതന്നെ നിലനിർത്തണമെന്നാണ് ഇവരുടെ ആവശ്യം.
സെപ്റ്റംബർ 17ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 15 അംഗ ഓർഫനേജ് കൺട്രോൾ ബോർഡിലെ സർക്കാർ നോമിനികൾക്കു പുറമേയുള്ള അഞ്ചു സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ 1400 സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കാണ് വോട്ടവകാശം. സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ അഞ്ചു പ്രതിനിധികളാണ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
30 വർഷമായി തൃശൂരിൽ നടന്നുവരുന്ന വോട്ടെടുപ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നാണ് ആരോപണം. ബോർഡിന്റെ നിയന്ത്രണം കൈവശപ്പെടുത്താനും സ്ഥാപനങ്ങളെ ഇല്ലാതാക്കാനുമുള്ള സർക്കാർ നീക്കമാണ് ഇതിനു പിന്നിലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തെരഞ്ഞെടുപ്പ് സമയം രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നു വരെയാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും രാവിലെ 11ന് തിരുവനന്തപുരത്തെത്തി രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹ്യനീതി വകുപ്പ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ്.
മലബാർ ജില്ലകളിലെ വോട്ടർമാരുടെ അവകാശം ഹനിക്കുന്നതാണ് ഈ തീരുമാനം. വിവിധ സാമൂഹ്യക്ഷേമ സ്ഥാപന പ്രതിനിധികൾ കക്ഷിചേർന്ന് സമർപ്പിച്ച ഹരജി സെപ്റ്റംബർ ഒമ്പതിന് ഹൈകോടതി പരിഗണിക്കും. തെരഞ്ഞെടുപ്പ് കേന്ദ്രം തൃശൂരിൽ പുനഃസ്ഥാപിക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളിയും ജനറൽ സെക്രട്ടറി പി.വി. സൈനുദ്ദീനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.