സനൽകുമാർ ശശിധരൻ
മുംബൈ: സംവിധായകൻ സനൽ കുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. അമേരിക്കയിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വഴിയാണ് സനൽ കുമാർ ശശിധരനെ മുംബൈ വിമാനത്താവള പൊലീസ് തടഞ്ഞുവെച്ചത്. സനൽ കുമാറിനെതിരെ നടി നൽകിയ പരാതിയിൽ ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കുന്നു എന്ന് കാണിച്ചാണ് മുംബൈ പൊലീസ് തടഞ്ഞുവെച്ചത്.
നടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് പരാതി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച കാര്യം സനൽ കുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ തടഞ്ഞുവെച്ചതിന്റെ കാരണം അറിയില്ല എന്നും ഭക്ഷണമോ കുടിവെള്ളമോ നൽകിയില്ല എന്നും സനൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചിയിൽ നിന്ന് കേരള പൊലീസ് എത്തി സനൽ കുമാറിനെ കസ്റ്റഡിയിലെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാൻ മുംബൈ എയർപോർട്ടിൽ എത്തി. കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം എന്നെ ഇവിടെ തടഞ്ഞു വെച്ചിട്ടുണ്ട്. കൊച്ചി പോലീസ് നിയമപരമായി തന്നെ പെരുമാറുമെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും. എനിക്കെതിരെയുള്ള കേസ് എന്താണെന്ന് എന്തായാലും എനിക്കിപ്പോഴും അറിയില്ല.
എനിക്കെതിരെ 2022 ൽ എടുത്ത കേസിൽ അന്വേഷണം നടത്തിയിട്ടില്ല. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ മഞ്ജുവിന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് അവൾ പറഞ്ഞതിന്റെ ശബ്ദരേഖ ഞാൻ പുറത്തുവിട്ടപ്പോൾ ആദ്യം അത് ആളുകളിലേക്ക് എത്താതിരിക്കാൻ ആണ് ശ്രമങ്ങൾ നടന്നത്. എന്നാൽ അത് ജനങ്ങളിൽ എത്തി എന്ന് വന്നപ്പോൾ എനിക്കെതിരെ വീണ്ടും ഒരു കള്ളക്കേസെടുത്തു. അതിലും മഞ്ജു വാര്യർ മൊഴികൊടുത്തില്ല. പകരം മറ്റൊരു കോടതിയിൽ മജിസ്‌ട്രെട്ട് മുൻപാകെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കൊടുത്ത മൊഴി എനിക്കെതിരെ കൊടുത്ത മൊഴിയാണെന്ന് പോലീസ് പ്രചരിപ്പിച്ചു. ഇതുവരെയും എനിക്കെതിരെ എടുത്ത കേസുകളിൽ ഒരു റിപ്പോർട്ടും പോലീസ് കോടതിയിൽ കൊടുത്തിട്ടില്ല. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാർജ്ജ് ഷീറ്റും ഇല്ല. പക്ഷെ എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു? എങ്ങനെ? ഏത് നടപടിക്രമം അനുസരിച്ച്? എന്തുകൊണ്ടാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് മടിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ഒരാളെ അയാൾ ഉന്നയിക്കുന്ന വിഷയങ്ങൾ കിഴിച്ചുമൂടാൻ ലക്ഷ്യമിട്ട് വേട്ടയാടുന്നത് നിങ്ങൾ ചോദ്യം ചെയ്തില്ല എങ്കിൽ പത്രപ്രവർത്തകരേ, നിങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണല്ല. ശവക്കുഴിയാണ്. ദയവായി ചോദ്യങ്ങൾ ചോദിക്കൂ. എന്താണ് നടപടിക്രമങ്ങൾ? എന്താണ് കേസ്? എന്താണ് പരാതിക്കാരിക്ക് പറയാനുള്ളത്? ചോദ്യങ്ങൾ വിഴുങ്ങാനുള്ളതല്ല. ഉറക്കെ ചോദിക്കാനുള്ളതാണ്.ഞാനിപ്പോഴും ഇവിടെത്തന്നെ ഇരിക്കുന്നു. ഭക്ഷണമോ വെള്ളമോ ഇല്ല. എന്നെ കൊണ്ടുപോകാൻ കൊച്ചിയിൽ നിന്നും ഒരു ടീം വരുന്നുണ്ടത്രേ. എന്ത് പ്രോസീജ്യറിലാണ് ഇതൊക്കെ നടക്കുന്നത് എന്ന് ആർക്കും അറിയില്ല. മൂന്ന് വർഷമായി നടക്കുന്ന ഈ നാടകത്തിൽ പരാതിക്കാരി എന്ന് പറയുന്ന ആൾ പൊതു സമൂഹത്തിന് മുന്നിലോ കോടതിയിലോ ഒരു മൊഴിയും കൊടുത്തിട്ടില്ല. എന്നോട് സംസാരിച്ച ശബ്ദരേഖ ഞാൻ പങ്കുവെച്ചിട്ട് മാധ്യമങ്ങൾ അത് ശ്രദ്ധിക്കുന്നുമില്ല. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ഞാൻ നൽകിയ പരാതി കൊച്ചി പോലീസ് കമ്മീഷണർക്ക് അയച്ചതായി ഡിജിപി എനിക്കൊരു മറുപടി തന്നു. അതിൽ ഒരുതരം അന്വേഷണവുമില്ല. എന്തൊരു നാടാണിത്!.ഞാൻ കൊച്ചി കമ്മീഷണർ ഓഫീസിൽ വിളിച്ചിരുന്നു. അവർക്ക് എന്താണ് സംഭവം എന്നറിയില്ല. അവിടെ നിന്ന് എളമക്കര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസിപിയുടെ നമ്പർ തന്നു. അദ്ദേഹത്തിനും അറിയില്ല എന്താണ് സംഭവം എന്ന്. പക്ഷെ എന്നെ കൊണ്ടുപോകാൻ കൊച്ചിയിൽ നിന്നും ടീം വരുന്നുണ്ട് എന്ന് മാത്രം ഇവർ പറയുന്നു. ആരാണ് വരുന്നതെന്നോ എന്താണ് ചെയ്യാൻ പോകുന്നതെന്നോ അറിയില്ല. എന്തായാലും നിയമപരമായി ഒന്നുമല്ല നടക്കുന്നത് എന്നറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.