ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ ആലപ്പുഴ ചുവപ്പണിഞ്ഞു. 43 വർഷത്തിന് ശേഷം വിപ്ലവമണ്ണിലേക്ക് എത്തുന്ന സമ്മേളനത്തെ വരവേൽക്കാൻ വിവിധ പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. ആലപ്പുഴ ബീച്ചിൽ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വൈകീട്ട് നാലിന് ‘നാടകത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിലെ സെമിനാർ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.
കെ.പി.എ.സി സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിന് സമീപം കേരള മഹിള സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മെഗാ തിരുവാതിര മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് വയലാർ കൊല്ലപ്പള്ളി ക്ഷേത്രമൈതാനത്ത് അഖില കേരള വടംവലി മത്സരമുണ്ടാകും. രാത്രി ഏഴിന് ഷെൽട്ടർ നാടകം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് ആറിന് വലിയചുടുകാട് സമാപിക്കും. ബുധനാഴ്ച രാവിലെ 9.30ന് നൂറ് വനിത അത്ലറ്റുകളുടെ അകമ്പടിയോടെ സമ്മേളനഗരിയിലെത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. വൈകീട്ട് ഏഴിന് കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം. 10ന് രാവിലെ 10.45ന് കളർകോട് എസ്.കെ കൺവെൻഷൻ സെൻറിൽ പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. കെ. നാരായണ പാർട്ടിയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യും. 11, 12 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നാൽപാലത്തിന് സമീപത്തുനിന്ന് ബീച്ചിലേക്ക് റെഡ് വളണ്ടിയർ മാർച്ച്. വൈകീട്ട് അഞ്ചിന് കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനം ഡി. രാജ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.