കൊച്ചി: ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളിലെ സ്റ്റോക്കിലുണ്ടാവുന്ന കുറവിന്‍റെ നഷ്ടം ജീവനക്കാരിൽനിന്ന് ഈടാക്കണമെന്ന മാനേജിങ് ഡയറക്ടറുടെ സർക്കുലർ റദ്ദാക്കിയത് ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ബിവറേജസ് കോർപറേഷന്‍റെ അപ്പീൽ ഹരജി തള്ളിയാണ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം സർക്കുലറുകൾക്ക് നിയമസാധുതയില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
കണക്കുകളിൽ വൻ തുകയുടെ വ്യത്യാസമുണ്ടായാൽ നഷ്ടത്തിന്റെ 90 ശതമാനം ഔട്ട്ലറ്റ് ജീവനക്കാരിൽനിന്ന് തുല്യമായും 10 ശതമാനം വെയർഹൗസ് മാനേജറിൽനിന്നും ഈടാക്കണമെന്ന് 2017ലാണ് മാനേജിങ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചത്. 2011ലും 16ലും സമാന സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ സ്റ്റോക്കിൽ കുറവ് കണ്ടെത്തിയതിന് 53.21 ലക്ഷം രൂപ തിരിച്ചടക്കാൻ നോട്ടീസ് ലഭിച്ച ചങ്ങനാശ്ശേരി ഔട്ട്ലറ്റിലെ ജീവനക്കാരുടെ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, ജീവനക്കാർ നഷ്ടമുണ്ടാക്കിയാൽ അത് ഈടാക്കുന്നതിന് സർവിസ് ചട്ടങ്ങളിൽ വ്യവസ്ഥകളുണ്ടെന്നും ഇത് മറികടന്ന് നിയമപരമായ പിന്തുണയില്ലാതെ എം.ഡിക്ക് സർക്കുലർ പുറപ്പെടുവിക്കാനാകില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ. ഇത് ഡിവിഷൻബെഞ്ചും ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.