തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ഉടമയെയും മകനെയും ജീവനക്കാരെയും മർദിച്ച സംഭവത്തിൽ അന്നത്തെ എസ്.ഐയും ഇപ്പോൾ കടവന്ത്ര എസ്.എച്ച്.ഒയുമായ പി.എം. രതീഷ് കുറ്റം ചെയ്തതായി തെളിഞ്ഞതായും ഷോകോസ് നോട്ടിസ് നൽകിയതായും ദക്ഷിണ മേഖല ഐ.ജി എസ്. ശ്യാംസുന്ദർ ‘മാധ്യമ’ത്തോട് പറഞ്ഞു.
നോട്ടിസിന് മറുപടി നൽകാൻ 15 ദിവസം സമയമുണ്ട്. കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ നടപടിയുണ്ടാകുമെന്നും എന്ത് നടപടിയാണെന്ന് നോട്ടിസിന് മറുപടി ലഭിച്ച ശേഷമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും അന്വേഷണ കാലയളവിലുള്ള മാറ്റിനിർത്തലാണെന്നും മറ്റു അച്ചടക്ക നടപടികളാണ് സ്വീകരിക്കുകയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തരംതാഴ്ത്തൽ, പിരിച്ചുവിടൽ തുടങ്ങിയ നടപടികൾ സർക്കാറാണ് തീരുമാനിക്കേണ്ടത്.
2023 മേയ് 24ന് നടന്ന കസ്റ്റഡി മർദന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച് ഒരു വർഷത്തിലധികമായിട്ടും നടപടി സ്വീകരിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. 2023 ഡിസംബറിലാണ് അന്വേഷണം ആരംഭിച്ചത്. ഈ കാലയളവിൽ തന്നെ പി.എം. രതീഷിന് ചെറുതുരുത്തി സി.ഐ ആയി സ്ഥാനക്കയറ്റം നൽകിയിരുന്നു. പിന്നീട് എറണാകുളം സിറ്റി പരിധിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. എറണാകുളത്തേക്ക് മാറ്റിയതോടെ ഉത്തരമേഖല ഐ.ജിയുടെ അധികാര പരിധിയിൽനിന്ന് ഒഴിവായി. ഇതോടെയാണ് ദക്ഷിണ മേഖല ഐ.ജിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
അതേസമയം, സംഭവത്തിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങളിൽ ഇല്ലാത്തതിനാലാണ് ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ ഔസേപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ച് പൊലീസുകാർക്ക് കൂടി തന്റെ മകനെയും ജീവനക്കാരെയും പിടിച്ചുതള്ളിയതിലും പണം അപഹരിക്കാനുള്ള ഗൂഢാലോചനയിലും പങ്കുണ്ട്. ഇവർക്കെതിരെയും നടപടി വേണം. കടവന്ത്ര എസ്.എച്ച്.ഒ പി.എം. രതീഷിനെ പിരിച്ചുവിടുന്നതിൽ കുറഞ്ഞ ഒരു നടപടിയിലും തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനിൽ മർദനം നടക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്റെ സൂപ്പർ മാർക്കറ്റിൽനിന്ന് 9660 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിന് സ്ത്രീയെ പിടികൂടിയിരുന്നു. പീച്ചി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവായിരുന്നു ഇവർ. പൊലീസ് നിർദേശിച്ചത് പ്രകാരം ഇവരെ വെറുതെ വിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനെ പിടികൂടിയതിലുള്ള വൈരാഗ്യവും സ്റ്റേഷനിലെ മർദനത്തിന് കാരണമായതായി അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.