തച്ചമ്പാറ: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോൺഗ്രസിൽനിന്ന് പുറത്താക്കിയപ്പോൾ സി.പി.എമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ തിരികെ കോൺഗ്രസിലേക്ക്. താൻ കോൺഗ്രസിലേക്ക് തിരിച്ചുപോകുമെന്ന് റിയാസ് ഇന്ന് അറിയിച്ചു.
വഴി തടഞ്ഞുവെന്നും അസഭ്യവർഷം നടത്തിയെന്നും ആരോപിച്ച് രണ്ട് സ്ത്രീകൾ നൽകിയ പരാതി പ്രകാരം പൊലീസ് കേസെടുത്ത സാഹചര്യത്തിലായിരുന്നു റിയാസ് തച്ചമ്പാറക്കെതിരെ ജില്ല നേതൃത്വം നടപടി സ്വീകരിച്ചത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ റിയാസിനെ പാർട്ടി ഭാരവാഹിത്വത്തിൽനിന്നും പ്രാഥമികാംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. നിരവധി സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് റിയാസിനെ നേരത്തെ താക്കീത് ചെയ്തിരുന്നെന്ന് എ. തങ്കപ്പൻ പറഞ്ഞിരുന്നു.
തന്നോട് ജില്ല പ്രസിഡന്റ് വിശദീകരണം തേടിയില്ലെന്നാണ് റിയാസ് ഇതിനോട് പ്രതികരിച്ചത്. പിന്നീടാണ് ഇനിമുതൽ സി.പി.എമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് റിയാസ് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ എത്തിയ റിയാസിനെ ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവായിരുന്നു സ്വീകരിച്ചത്. വനിതകളോട് രാഹുൽ മാങ്കൂട്ടത്തിൽ പെരുമാറിയത് പോലെയല്ല റിയാസ് പെരുമാറിയതെന്നും റിയാസിന് പാർട്ടി സംരക്ഷണം നൽകുമെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞിരുന്നു.
എന്നാൽ, യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടറി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള റിയാസ് ദിവസങ്ങൾക്കുശേഷം തീരുമാനം മാറ്റുകയായിരുന്നു. ബാഹ്യശക്തികളുടെ പ്രേരണ മൂലമാണ് താൻ കോൺഗ്രസ് ജില്ല നേതൃത്വത്തെ വിമർശിച്ചതെന്ന് റിയാസ് ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മനസാക്ഷിക്കുത്ത് കാരണം സമാധാനവും ഉറക്കവും നഷ്ടപ്പെട്ട തനിക്ക് കോൺഗ്രസുകാരനാവാനേ കഴിയൂ. സഖാവെ എന്ന വിളി കേൾക്കുമ്പോൾ അമ്പ് ഹൃദയത്തിൽ തറക്കുന്ന വേദനയായിരുന്നു. അത് മോശം വാക്കായിട്ടില്ല -റിയാസ് പറഞ്ഞു. തനിക്കെതിരെ ആരോപണവുമായി വാർത്തസമ്മേളനം നടത്തിയ യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.