ചെറുതോണി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലിചെയ്യുന്ന ജോൺസന്റെയും വിജിയുടെയും കുഞ്ഞാണ് മരിച്ചത്. രക്തസ്രാവം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലായ മാതാവിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ജോൺസൺ സുവിശേഷ പ്രവർത്തകനെന്നാണ് അവകാശപ്പെടുന്നത്. 45കാരിയായ വിജി പൂർണഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് വാഴത്തോപ്പ് പി.എച്ച്.സിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തുകയും ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, അനുസരിക്കാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയപ്പോഴാണ് പ്രസവം കഴിഞ്ഞെന്നും കുഞ്ഞ് മരിച്ചെന്നും മാതാവ് ഗുരുതരാവസ്ഥയിലാണെന്നും അറിയുന്നത്. വിജിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവര്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇടുക്കിയിൽനിന്ന് പൊലീസെത്തി ബലമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യപ്രവർത്തകർ പലതവണ വീട്ടിലെത്തി ആശുപത്രിയിൽ പോയി പരിശോധന നടത്തണമെന്നും മരുന്നുകൾ കഴിക്കണമെന്നും നിർദേശിച്ചെങ്കിലും വിശ്വാസപരമായ കാര്യങ്ങൾ പറഞ്ഞ് ഇവർ ചികിത്സ തേടാൻ തയാറായിരുന്നില്ലെന്ന് പഞ്ചായത്ത് അംഗം പി.വി. അജേഷ് കുമാർ പറഞ്ഞു. വിജിയുടെ നാലാമത്തെ പ്രസവമാണിത്. നേരത്തേ, മൂന്ന് കുട്ടികളെയും പ്രസവിച്ചത് വീട്ടിൽതന്നെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സ്കൂളില്‍ ചേര്‍ത്തതായി അറിയില്ലെന്നും സമീപവാസികളുമായി ഇവര്‍ക്ക് കൂടുതല്‍ ബന്ധമില്ലെന്നും ഇടക്കിടെ ഇവിടെ വന്ന് താമസിച്ചുവരുകയാണെന്നും നാട്ടുകാർ പറയുന്നു.
കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷമേ ശിശുവിന്‍റെ മരണകാരണം അറിയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വിശ്വാസപരമായ കാരണങ്ങളാലാണ് ഗർഭിണി ആയിരിക്കുമ്പോഴും പ്രസവസമയത്തും വിജിക്ക് ചികിത്സ നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.