പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ ഹരീഷ്
കൊട്ടാരക്കര: ഒരു വർഷം മുമ്പ് കൊട്ടാരക്കര പള്ളിക്കലിൽ പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ യുവാവ് ജോലിചെയ്ത് കുടുംബം പുലർത്താൻ കഴിയാത്ത നിലയിലെന്ന് പരാതി. പള്ളിക്കൽ ഗിരീഷ് ഭവനിൽ ഹരീഷിന് (38) കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് മർദനമേറ്റത്.
വാഹനത്തിന് വശം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അന്നത്തെ കൊട്ടാരക്കര എസ്.ഐ ഉൾപ്പടെയുള്ളവർ മർദിച്ചെന്നാണ് പരാതി. സ്വകാര്യ കാറിൽ ഹരീഷിനെ ജോലിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. അടുത്ത 10ന് ഹരീഷിനെ കലക്ടർ ഹിയറിങ്ങിനായി വിളിപ്പിച്ചിട്ടുണ്ട്. കേസിൽനിന്ന് പിൻമാറാനായി ഭീഷണി ഉയരുന്നത് കാരണം പേടിച്ചാണ് കുടുംബവുമൊത്ത് കഴിയുന്നതെന്ന് ഹരീഷ് പറയുന്നു.
ഹരീഷ് ആശുപത്രിയിലേക്ക് പോകവെ പള്ളിക്കൽ റോഡിൽ വെച്ച് എതിരെ വന്ന പൊലീസ് ഉദ്യോഗസ്ഥനുമായി വാഹനത്തിന് സൈഡ് നൽകാത്തത് സംബന്ധിച്ച തർക്കം ഉണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രിയിൽ പോയ ശേഷം തിരികെ ഇഞ്ചാക്കാട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറിയ ഹരീഷിനെ എസ്.ഐ ഉൾപ്പടെയുള്ളവർ സ്വകാര്യ വാഹനത്തിൽ എത്തി പിടിച്ചുകൊണ്ടുപോയി. പെരുംകുളം, പൂവറ്റൂർ ഭാഗങ്ങളിൽ എത്തിച്ച് വാഹനത്തിൽ വെച്ച് മൂന്ന് മണിക്കൂറോളം ക്രൂരമായി മർദിച്ചു. തുടർന്ന് രാത്രി 10ഓടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെവച്ചും മർദിച്ചതായി യുവാവ് പറയുന്നു. മേശയുടെ മേൽ കിടത്തി വടി ഉപയോഗിച്ച് കാൽപത്തിയിലും തുടയിലും അടിച്ചു.
കാൽപത്തിയിൽ 50 ഓളം അടി അടിച്ചു. മരിക്കുകയാണെങ്കിൽ പാറക്കുളത്തിൽ തള്ളാമെന്നും ജീവനുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും പറഞ്ഞതായും ഹരീഷ് പറയുന്നു. തുടർന്ന് പുലർച്ചെ ഹരീഷിനെതിരെ കേസെടുത്തു. വൈകീട്ടോടെ വൈദ്യപരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ശാരീരിക അസ്വസ്ഥത മനസ്സിലാക്കി മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.
മർദനത്തിൽ ഹരീഷിന്റെ കൈയെല്ലിനും തലക്കും കഴുത്തിനും നടുവിനും കാൽപാദത്തിനും സാരമായി പരിക്കേറ്റു. ഹരീഷിനെ തേടി പൊലീസ് സ്റ്റേഷനിൽ എത്തിയ ഭാര്യക്ക് പൊലീസുകാരിൽനിന്ന് കേൾക്കേണ്ടി വന്നത് 90 ദിവസം ജീവിക്കില്ല എന്ന മറുപടിയാണ്.
സംഭവം വിവാദമായതോടെ ഇടനിലക്കാർ വഴി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ധനസഹായം ഉൾപ്പെടെ വാഗ്ദാനം ചെയ്യുകയും ഉണ്ടായി. കള്ളക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിയുമുണ്ടായി. സംഭവത്തിൽ എസ്.ഐ പി.കെ. പ്രദീപിനെ ക്രൈംബ്രാഞ്ചിലേക്കും ഹരി, നവാസ് എന്നിവരെ കുന്നിക്കോട്ടേക്കും സുനിലിനെ കുണ്ടറയിലേക്കും സ്ഥലംമാറ്റിയെങ്കിലും പിന്നീട് പ്രദീപിനെ കുണ്ടറ എസ്.ഐ ആയി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.