തിരുവനന്തപുരം: ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന കേരള പൊലീസ് ആപ്തവാക്യത്തെപ്പോലും നാണംകെടുത്തി സേനയിൽ ഒരുവിഭാഗം സ്റ്റേഷനുള്ളിൽ കാണിക്കുന്ന കൈയൂക്കിൽ നാണംകെട്ട് മുഖ്യമന്ത്രിയും ഇടത് സർക്കാറും. പ്രതികൾക്കും കസ്റ്റഡിയിലെടുക്കുന്നവർക്കുമെതിരെ ഒരുതരത്തിലുള്ള മൂന്നാംമുറയും പാടില്ലെന്ന് ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതൽ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിമാരും ആവർത്തിച്ചിട്ടും നിർദേശങ്ങളും സർക്കുലറുകളും കാറ്റിൽപറത്തി പൊലീസിന്റെ മൂന്നാംമുറ തുടരുകയാണ്. സ്റ്റേഷൻ മർദനത്തിനെതിരെ പാർട്ടി നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തെത്തിയതോടെ വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും അടിയന്തരയോഗം മുഖ്യമന്ത്രി വിളിച്ചേക്കും.
സ്റ്റേഷനിലെത്തുന്നവരെ കൈക്കരുത്ത് കൊണ്ട് നേരിടുന്നത് കൊളോണിയൽ ഭരണത്തിന്റെ സ്വഭാവമാണെന്നും അത്തരം നടപടികൾ ശ്രദ്ധയിൽപ്പെടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, കസ്റ്റഡി മരണവും മർദനവും പൊലീസിനെതിരായ പരാതികളും തുടർക്കഥയായതോടെ ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ഘട്ടത്തിൽ ഇതുസംബന്ധിച്ച് നാല് സർക്കുലറുകളാണ് പുറത്തിറക്കിയത്.
2016ൽ കൊല്ലത്ത് വാഹന പരിശോധനക്കിടെ വയര്‍ലെസ് സെറ്റ് കൊണ്ട് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതിനെ തുടർന്ന് ഡി.ജി.പി ബെഹ്റക്ക് പരസ്യമായി ക്ഷമ ചോദിക്കേണ്ടിവന്നു. ഇതേ തുടർന്ന് ട്രാഫിക് പരിശോധന വേളയിലും, ക്രമസമാധാനപാലന വേളയിലും പ്രകോപനമുണ്ടായാൽപോലും പരമാവധി സംയമനം പാലിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സിവിൽ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ ജില്ല പൊലീസ് മേധാവി വരെയുള്ളവർക്ക് അയച്ച സർക്കുലറിൽ ബഹ്റ വ്യക്തമാക്കി.
വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമീഷന്റെ വിമർശനത്തെ തുടർന്നാണ് 2018ൽ സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളും ലോക്കപ്പുകളും 24 മണിക്കൂർ സി.സി.ടി.വി നിരീക്ഷണത്തിലാക്കിയത്. പക്ഷേ അപ്പോഴും കൈത്തരിപ്പ് അവസാനിപ്പിക്കാൻ ഒരുവിഭാഗം പൊലീസുകാർ തയാറായില്ല. ഒടുവിൽ മൂന്നാംമുറ ഉൾപ്പെടെ നടത്തുന്നവരുടെ പട്ടിക തയാറാക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവിമാർക്ക് കത്തയച്ചെങ്കിലും കാര്യമുണ്ടായില്ല. ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ സ്റ്റേഷൻ ഡ്യൂട്ടി അടക്കമുള്ളവയിൽനിന്ന് മാറ്റിനിർത്തണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതും അട്ടിമറിക്കപ്പെട്ടു.
സ്റ്റേഷനുകളിൽ അഴിമതിയും മർദനവും ഒഴിവാക്കാൻ എസ്.പിമാർ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അനിൽകാന്തും സര്‍ക്കുലറിറക്കി. പക്ഷേ കാര്യമായൊന്നും നടന്നില്ല. കസ്റ്റഡി മർദനവും ഇതേ തുടർന്നുള്ള പരാതികളും പൊലീസ് ആസ്ഥാനത്ത് കുമിഞ്ഞ് കൂടിയതോടെ ആളുകളെ പീഡിപ്പിച്ചതിന്റെ പേരിൽ നടപടിക്കു വിധേയമാകുന്ന ഉദ്യോഗസ്ഥരെ റേഞ്ച് ഐ.ജിയുടെയോ ഡി.ജി.പിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ സർവീസിൽ തിരിച്ചെടുക്കരുതെന്ന് ആഭ്യന്തരവകുപ്പ് നിർദേശം നൽകിയെങ്കിലും അതും ചടങ്ങുമാത്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.