തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ വിരമിച്ചവരെ നിയമിക്കാൻ ദക്ഷിണ റെയിൽവേയിൽ തിരക്കിട്ട നീക്കം. ആറ് ഡിവിഷനുകളിലുമായി 1300 ഓളം ഒഴിവുകൾ നിലനിൽക്കെയാണ് ഇവ നികത്തുന്നതിന് പകരം വിരമിച്ചവരെ തിരികെയെത്തിക്കുന്നത്. മെയിൻ ലൈനുകളിലെ ഡ്യൂട്ടിക്കല്ല, ഷണ്ടിങ് ജോലികൾക്കായാണ് 65 വയസ്സുവരെയുള്ളവരെ കരാർ പ്രകാരം നിയമിക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
അതീവശ്രദ്ധയും ശാരീരിക ക്ഷമതയും ആവശ്യമുള്ളവയാണ് ഷണ്ടിങ് ജോലികളെന്നതിനാൽ വിരമിച്ചവരെ ഈ ജോലികൾക്കായി നിയമിക്കുന്നതിലെ അപകടാവസ്ഥയും റെയിൽവേ പരിഗണിക്കുന്നില്ല. കമ്പാർട്ടുമെന്റുകൾ കൂട്ടിച്ചേർക്കൽ, ഒരു ട്രെയിനിന്റെ മുന്നിലോ പിന്നിലോ എൻജിൻ ഘടിപ്പിക്കൽ, ഇവ മാറ്റി സ്ഥാപിക്കൽ, കോച്ചുകൾ വേർപ്പെടുത്തൽ, അറ്റകുറ്റപ്പണികൾക്കും മറ്റുമായി പിറ്റ്ലൈനിലേക്ക് കോച്ചുകളെത്തിക്കൽ എന്നിവ ഷണ്ടിങ് ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് ഷണ്ടിങ് ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് നല്ല ശാരീരികക്ഷമതയും കാഴ്ചശക്തിയും വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവും അനിവാര്യമാണ്. ഇതാണ് ദക്ഷിണ റെയിൽവേ നീക്കത്തിനെതിരെ സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധമുയരാൻ കാരണം.
അതോടൊപ്പം പുതിയ നിയമനത്തിന് പകരം വിരമിച്ചവരെ ആശ്രയിക്കുന്നത് ഉദ്യോഗാർഥികളുടെ അവസരത്തെ ഇല്ലാതാക്കും. 2018ലാണ് അവസാനമായി റെയിൽവേയിൽ ലോക്കോ പൈലറ്റുമാരെ നിയമിച്ചത്. നിലവിൽ ആകെ 34000 ലോക്കോ പൈലറ്റുമാരുടെ ഒഴിവാണുള്ളത്. പ്രതിവർഷം ശരാശരി 3500 ലോക്കോ പൈലറ്റുമാരാണ് വിരമിക്കുന്നത്. വരും വർഷങ്ങളിൽ ഇത് വീണ്ടും ഉയരും.
സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള റെയിൽവേ നീക്കത്തെ തുടർന്ന് ലോക്കോ സ്റ്റാഫ് ഒഴിവുകൾ നികത്തേണ്ടെന്ന നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മതിയായ ലോക്കോ സ്റ്റാഫ് ഇല്ലാത്തത് കാരണം പുതിയ സബർബൻ, മെയിൽ, എക്സ്പ്രസ് സർവീസുകൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്. റെയിൽവേ നീക്കത്തിനെതിരെ അഖിലേന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ അടക്കം യൂനിയനുകൾ പ്രതിഷേധത്തിലാണ്. നിയമന നടപടികൾ വേഗത്തിലാക്കി പുതിയ ജീവനക്കാരെ നിയമിക്കണമെന്നാണ് യൂനിയനുകളുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.