കെ.കെ. രമ, കെ. രാജൻ
തൃശൂർ: മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികളുടെ ഭൂമി വിൽപന സംബന്ധിച്ച് നിയമസഭയിൽ അന്വേഷണം മന്ത്രിമാരായ കെ. രാജനും രാമചന്ദ്രൻ കടന്നപ്പള്ളിയും പ്രഖ്യാപിച്ചിനു ശേഷവും 61 ആധാരങ്ങൾ നടത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 2025 മാർച്ച് 11ന് നിയമസഭയിൽ നിൽകിയ മറുപടി പ്രകാരം 183 ആധാരങ്ങൾ നടത്തിയെന്നായിരുന്നു. എന്നാൽ, ഏപ്രിൽ 24ന് കോട്ടത്തറ വില്ലേജ് ഓഫിസർ പ്രിലിമെന്ററി സർവേയിലെ 404, 524 , 620, 762 , 1819 എന്നീ നമ്പരുകളിൽ നടന്ന ഭൂമി രജിസ്ട്രേഷൻ സംബന്ധിച്ച നൽകിയ റിപ്പോർട്ടിൽ 244 ആധാരങ്ങൾ രജിസ്റ്റർ ചെയ്തുവെന്നാണ് രേഖപ്പെടുത്തിയത്.
കോട്ടത്തറ വില്ലേജിൽനിന്ന് നൽകിയ കൈവശ സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തിൽ നാല് ഘട്ടങ്ങളിലായി വിവിധ ദിവസങ്ങളിൽ 244 ആധാരങ്ങൾ നടത്തി. ഇതിെൻറ അടിസ്ഥാനത്തിൽ മെയ് ഏഴിന് പാലക്കാട് കലക്ടർക്കും ഒറ്റപ്പാലം സബ് കലക്ടർക്കും അട്ടപ്പാടി ഭൂരേഖ തഹസീദാർ നൽകിയ റിപ്പോർട്ടിലും മൂപ്പിൽ നായരുടെ അവകാശികൾ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ 244 ആയി. നിയമസഭയിൽ ഇതു സംബന്ധിച്ച് കെ.കെ. രമ സബ് മിഷൻ അനുവദിച്ചതിന് മറുപടിയായി മന്ത്രി കെ. രാജൻ അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷമാണ് 61 ആധാരം രജിസ്റ്റർ ചെയ്തത്.
കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഭൂമി വിൽപന നടത്തിയതെന്ന രജിസ്ട്രേഷൻ മധ്യ- ഉത്തരമേഖല ഡെപ്യൂട്ടി ഐ.ജി നൽകിയ തെറ്റായ റിപ്പോർട്ടിെൻറ പിൻബലത്തലാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ആധാരങ്ങൾ നടത്തിയത്. അട്ടപ്പാടി താലൂക്കിലെ കോട്ടത്തറ വില്ലേജിൽ എ ആൻഡ് ബി രജിസ്റ്ററിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്ക് കൈവശം, ലൊക്കേഷൻ സ്കെച്ച് എന്നിവ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രനുണ്ണി ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ കേസിലെ വിധിന്യായത്തിൽ തഹസിൽദാരുടെ കാര്യാലയത്തിലും കോട്ടത്തറ വില്ലേജ് ഓഫിസറുടെ മുന്നിലും ഫയൽ ചെയ്ത് പരാതി കക്ഷിയെ നേരിൽകേട്ട് ഒരു മാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്നായിരുന്നു ഉത്തരവ്.
കോടതി വിധി ലഭിച്ചതോടെ 2022 മാർച്ച് 17ന് തഹസിൽദാരുടെ കാര്യാലയത്തിൽ വിചാരണ നടത്തി. മൂപ്പിൽ നായുടെ അവകാശികൾ ഹാജരായി മൊഴി നൽകി . ശശീന്ദ്രനുണ്ണി ആവശ്യപ്പെട്ടത് മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം വക കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾക്ക് കൈവശ സർട്ടിഫിക്കറ്റ് നൽകണമെന്നാണ്. എന്നാൽ, കോട്ടത്തറ വില്ലേജ് ഓഫിസറുടെ ഫെബ്രുവരി 24ലെ റിപ്പോർട്ട് പ്രകാരം കോട്ടത്തറ വില്ലേജിലെ 524, 620, 762, 1275 എന്നീ സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമികളിൽ ഭൂരിഭാഗവും നിലവിൽ വനഭൂമിയായി മാറിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു.
ബാക്കിവരുന്ന ഭൂമി ഭൂരിഭാഗവും മണ്ണാർക്കാട് മൂപ്പിൽ നായർ വാക്കാൽ പാട്ടമായും പാട്ടചീട്ട് മുഖേനയും കുടിയാന്മാർക്ക് നൽകിയ ഭൂമികളിൽ പിന്നീട് ലാൻഡ് ട്രൈബ്യൂണലുകൾ മുഖേന നടപ്പ് കുടിയാന്മാർക്ക് ജന്മാവകാശം ലഭിച്ചു. അവർ കാലങ്ങളായി കൈവശം വെച്ച് അനുഭവിക്കുന്ന കൃഷി ഭൂമിയാണ്. അതിൽ പുര, കുഴികൂർ ചമയങ്ങൾ ഉണ്ടാക്കി അനുഭവിച്ചു വരുന്നതാണ്.
മൂപ്പിൽ നായരുടെ പേരിലുണ്ടായിരുന്ന ഭൂമി കാണിച്ചു തരാമോ എന്ന് അട്ടപ്പാടി ഭൂരേഖ തഹസീദാർ ശശീന്ദ്രനുണ്ണിയോട് ആരാഞ്ഞു. അതിന് കഴിയില്ല എന്നാണ് ശശീന്ദ്രനുണ്ണി മറുപടി നൽകിയത്. ഈ സാഹചര്യത്തിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ കോട്ടത്തറ വില്ലേജിൽ ഭൂമികൾ ഒന്നും നിലവിലില്ലാത്തതിനാൽ ഇത്തരത്തിലുള്ള ഭൂമികൾ ഒന്നും തന്നെ ഹരജി കക്ഷിക്ക് ചൂണ്ടിക്കാണിച്ചു നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ അപേക്ഷ പരിഗണിക്കാൻ നിർവാഹമില്ല. അതിനാൽ അപേക്ഷ തള്ളി തീർപ്പാക്കി ഭൂരേഖ തഹസിൽദാർ 2022 ഏപ്രിൽ 16ന് ഉത്തരവിട്ടു. എന്നിട്ടും യാതൊരു രേഖയുമില്ലാതെ 244 ആധാരങ്ങൾ രജിസ്റ്റർ ചെയ്തത് എങ്ങനെയെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.