തൃശൂർ: പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും പലപ്പോഴും നടപ്പാകുന്നില്ല. സംസ്ഥാനത്ത് ആദ്യമായി കൈമാറിയ പൊലീസ് സ്റ്റേഷൻ സി.സി.ടി.വി ദൃശ്യം പീച്ചിയിലേതാണ്. 2023 ജൂലൈ 24ന് ഹോട്ടലുടമയെയും മകനെയും ജീവനക്കാരെയും എസ്.ഐ മർദിക്കുന്ന ദൃശ്യങ്ങൾ പൊലീസ് കൈമാറിയത് 2024 ആഗസ്റ്റ് 14നാണ്. ഈ ദൃശ്യങ്ങൾ ഹോട്ടലുടമക്ക് ലഭിച്ചിരുന്നെങ്കിലും നിയമപോരാട്ടം നടക്കുന്നതിനാൽ പുറത്തുവിട്ടിരുന്നില്ല. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ശനിയാഴ്ച രാത്രി പീച്ചിയിലെ ദൃശ്യങ്ങളും ഹോട്ടൽ ഉടമ പുറത്തുവിട്ടത്.
അന്വേഷണവും നടപടികളും തൃപ്തികരമല്ലാതിരുന്നതിനാൽ ഹൈകോടതിയിലടക്കം ഹരജി നൽകിയിരുന്നതിനാലാണ് ദൃശ്യങ്ങൾ പുറത്തുവിടാതിരുന്നതെന്ന് ഹോട്ടലുടമ ഔസേപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു. കുന്നംകുളത്തെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അഭിഭാഷകനിൽ നിന്ന് നിയമോപദേശം തേടിയാണ് കൈയിൽ ലഭിച്ച് ഒരു വർഷവും മൂന്നാഴ്ചയും കഴിഞ്ഞപ്പോൾ പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവടക്കമുണ്ടെങ്കിലും ഇവ ലഭിക്കാൻ ഏറെ കടമ്പ കടക്കേണ്ടി വന്നു. പീച്ചി സ്റ്റേഷൻ, ഒല്ലൂർ എ.സി.പി എന്നിവയിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ സ്ത്രീകളുള്ളതിനാലും മാവോവാദി ഭീഷണി മൂലവും നൽകാനാകില്ലെന്നായിരുന്നു മറുപടി. തുടർന്ന് സംസ്ഥാന തലത്തിൽ അപേക്ഷ നൽകി രണ്ടിലധികം സിറ്റിങ്ങുകൾ കഴിഞ്ഞ ശേഷമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.