കണ്ണൂർ സെൻട്രൽ ജയിൽ
കണ്ണൂര്‍: സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് മുൻ തടവുകാരന്റെ വെളിപ്പെടുത്തൽ. പല തവണ ജയിലിൽനിന്ന് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും പിടികൂടിയിട്ടും തുടർ പരിശോധനകൾ പ്രഹസനമായതിനിടെയാണ് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ തളിപ്പറമ്പ് സ്വദേശി കണ്ണൂരിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്.
ജയിലിൽ അധികൃതരുടെ പരിശോധന പേരിന് മാത്രമാണ്. ദിനേന അകത്തേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നുണ്ട്. ഇവ തടവുകാരിൽ ചിലർ കരിഞ്ചന്തയിൽ വിൽപന നടത്തുക പതിവാണ്. 400 രൂപയുടെ മദ്യത്തിന് ചില ദിവസങ്ങളിൽ 4000 വരെ ഇൗടാക്കാറുണ്ട്.
മൂന്നുകെട്ട് ബീഡിക്ക് ജയിലിനകത്ത് ആയിരം രൂപയാണ് വില. പല തടവുകാരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് മുൻ തടവുകാരൻ തുറന്നുപറഞ്ഞത്. ജയിലിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധയിൽ രണ്ടാഴ്ചക്കിടെ ഏഴ് മൊബൈൽ ഫോണുകളാണ് പിടികൂടിയിരുന്നത്. മതിലിന് പുറത്തുനിന്ന് ജയിലിനകത്തേക്ക് കഞ്ചാവും മദ്യക്കുപ്പിയും വലിച്ചെറിയുന്നതിനിടെ പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു.
ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. കൂട്ടാളികളായ രണ്ടു പേർ അന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പിടിയിലായ അക്ഷയ് ജയിലിലെ ലഹരി വിൽപനക്ക് വൻ തുക ലാഭം കിട്ടുന്നതായി മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.