തിരുവനന്തപുരം: നിലവാരം കുറഞ്ഞ എൻജിനീയറിങ് കോളജുകളുടെ എണ്ണത്തിൽ കേരളം ദേശീയതലത്തിൽ രണ്ടാമത്. എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും ജോലിലഭ്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് എ.ഐ.സി.ടി.ഇ, സെന്റർ ഫോർ റിസർച്ച് ഇൻ സ്കീംസ് ആൻഡ് പോളിസീസ് (ക്രിസ്പ്), മദ്രാസ് ഐ.ഐ.ടിക്ക് കീഴിലുള്ള ലീപ് പദ്ധതി തുടങ്ങിയവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രൊജക്ട് ഫോർ അഡ്വാൻസിങ് ക്രിട്ടിക്കൽ തിങ്കിങ് ഇൻഡസ്ട്രി കണക്ട് ആൻഡ് എംപ്ലോയബിലിറ്റി (പ്രാക്ടീസ്) പദ്ധതിയിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുത്തത് 60 എൻജിനീയറിങ് കോളജുകളെയാണ്.
മോശം പ്രകടനം നടത്തുന്ന ഗ്രാമീണമേഖലയിലെ എൻജിനീയറിങ് കോളജുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയിരം എൻജിനീയറിങ് കോളജുകൾ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ആദ്യഘട്ടത്തിൽ 500 എണ്ണമാണ് ഉൾപ്പെടുത്തിയത്. 128 കോളജുകളുള്ള തമിഴ്നാടാണ് കേരളത്തിന് മുന്നിലുള്ളത്. ഹരിയാന 43, ആന്ധ്രാപ്രദേശ് 41, തെലങ്കാന 36 , പഞ്ചാബ് 33, ഉത്തർപ്രദേശ് 31, മഹാരാഷ്ട്ര 29 , ഗുജറാത്ത് 25, കർണാടക 17, ഒഡിഷ 16, ഉത്തരാഖണ്ഡ് 11, പശ്ചിമ ബംഗാൾ 11 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനങ്ങളിലെ നിലവാരം കുറഞ്ഞ എൻജിനീയറിങ് കോളജുകളുടെ എണ്ണം.
വിദ്യാർഥികളുടെ അക്കാദമിക മികവിലും തൊഴിൽ സാധ്യതയിലും നിലവിൽ ഏറ്റവും താഴെ നിൽക്കുന്ന 1,000ത്തോളം കോളജുകളെ അപ്ഗ്രേഡ് ചെയ്യുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ വിമർശനാത്മക ചിന്ത വികസിപ്പിക്കാനും വ്യവസായ പരിചയം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന് പുറമെ നൂതന അധ്യാപന രീതികൾ പരിശീലിപ്പിക്കാനും ലക്ഷ്യമിടുന്നു. കേരളത്തിൽ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലായി 165 എൻജിനീയറിങ് കോളജുകളാണുള്ളത്. ഇതിൽ 123 കോളജുകൾ സ്വകാര്യ സ്വാശ്രയ കോളജുകളാണ്.
നിലവാരം കുറഞ്ഞതായി എ.ഐ.സി.ടി.ഇ പട്ടികയിൽ ഉൾപ്പെട്ട കോളജുകളിൽ ഭൂരിഭാഗവും സ്വകാര്യ സ്വാശ്രയ കോളജുകളാണ്. സാങ്കേതിക സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത 30ഓളം കോളജുകളിൽ വിജയം 25 ശതമാനത്തിൽ താഴെയാണ്. ആറ് കോളജുകളിൽ പത്ത് ശതമാനത്തിൽ താഴെയാണ് വിജയം. 69 കോളജുകൾക്കാണ് ഇത്തവണ 40 ശതമാനത്തിന് മുകളിൽ വിജയം നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.