ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ മത്സര പരീക്ഷകളിൽ സഹായി എഴുത്തുകാരായെത്തുന്ന സ്‌ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം. ഉദ്യോഗാർഥികൾ സ്വന്തം നിലയിൽ സ്‌ക്രൈബിനെ കൊണ്ടുവരുന്ന രീതിക്ക് പകരം അതത് പരീക്ഷാ ഏജൻസികൾ സ്‌ക്രൈബിനെ നൽകുന്ന വിധത്തിലേക്ക് മാറ്റാനാണ് നീക്കം. ഐ.ഐ.ടി-ജെ.ഇ.ഇ, നീറ്റ്, സിവിൽ സർവീസ് എന്നിങ്ങനെ പ്രധാന പരീക്ഷകളിലെല്ലാം ഘട്ടം ഘട്ടമായി പുതിയ രീതി നടപ്പിൽ വരുത്താനാണ് പദ്ധതി.
പരീക്ഷാ ഏജൻസികളോട് സ്‌ക്രൈബുമാരുടെ സംഘത്തെ തയ്യാറാക്കാൻ സാമൂഹികനീതി മന്ത്രാലയം മാർഗരേഖയിൽ നിർദേശം നൽകി. പരീക്ഷാ ഏജൻസികൾ പരിശീലനം നേടിയ സ്‌ക്രൈബുമാരെ രണ്ടുവർഷത്തിനുള്ളിൽ സജ്ജമാക്കണം. അതുവരെ സ്വന്തം സ്‌ക്രൈബിനെ അനുവദിക്കും. ഭിന്നശേഷി ആനുകൂല്യങ്ങളുടെ പേരിൽ പരീക്ഷയെഴുത്തിൽ ക്രമക്കേട് തടയുകയാണ് ലക്ഷ്യം.
മത്സരസ്വഭാവത്തിലുള്ള എല്ലാ എഴുത്തുപരീക്ഷകൾക്കും നിർദേശം ബാധകമാകും. പരീക്ഷാകേന്ദ്രങ്ങൾ ഭിന്നശേഷീസൗഹൃദമാകണമെന്നും നിർദേശത്തിലുണ്ട്.
സ്‌ക്രൈബില്ലാതെ, സാങ്കേതികസഹായത്തോടെ സ്വന്തമായി പരീക്ഷയെഴുതാൻ ഭിന്നശേഷി ഉദ്യോഗാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാർഗരേഖ പറയുന്നു. ഇത് ഉദ്യോഗാർഥികളെ കൂടുതൽ സ്വയം പര്യാപ്തരാക്കും. നിർദേശം നടപ്പിലാവുന്നതോടെ, ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള ആദ്യ ഓപ്ഷനായി സാങ്കേതിക വിദ്യയുടെ സഹായമാണ് തെരഞ്ഞെടുക്കാനാവുക. നിർദിഷ്ട സോഫ്റ്റ്‌വെയർ സജ്ജീകരിച്ച കംപ്യൂട്ടറുകൾ, ബ്രെയിൽ ലിപിയിലോ വലിയ അക്ഷരങ്ങളിലോ സജ്ജമാക്കിയ ചോദ്യപ്പേപ്പറുകൾ, റെക്കോർഡിംഗ് ഉപകരണങ്ങൾ പോലുള്ള സാങ്കേതിക സഹായങ്ങൾ എന്നിവ ഇത്തരത്തിൽ ലഭ്യമാക്കും. സാങ്കേതിക വിദ്യയുടെ സഹായം തെരഞ്ഞെടുക്കാൻ ആവാത്ത സാഹചര്യത്തിൽ മാത്രം, പരീക്ഷ ഏജൻസികൾ പരിശീലനം നൽകിയ സ്ക്രൈബിനെ അനുവദിക്കും. വ്യക്തിഗതമായി ക്രമീകരിക്കുന്ന സ്‌ക്രൈബുകൾ പലപ്പോഴും ക്രമക്കേടുകൾ നടത്തുന്നതായി പരീക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു.
സ്‌ക്രൈബാകുന്നവർ പരീക്ഷയെഴുതാൻ വേണ്ട കുറഞ്ഞയോഗ്യതയ്ക്ക് രണ്ടോ മൂന്നോ വർഷം താഴെയുള്ളവരാകണമെന്നും അതേ പരീക്ഷ എഴുതുന്നവരായിരിക്കരുതെന്നുമുള്ള നിബന്ധനകളും കർശനമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.