മോസ്‌കോ: ഹിന്ദിഭാഷക്കുള്ള ആവശ്യകത ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സർവകലാശാലകളിൽ ഹിന്ദി പഠിക്കാനുള്ള അവസരം ഗണ്യമായി വർധിപ്പിക്കാൻ ഒരുങ്ങി റഷ്യ. ‘കൂടുതൽ വിദ്യാർഥികൾ ഹിന്ദി പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. കൂടാതെ ഇന്ത്യക്കാർ ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷ് ഹിന്ദിയും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ അതിനനുസരിച്ച് നാം നടപടിയെടുക്കേണ്ടതുണ്ട്’ എന്ന് റഷ്യൻ ഉന്നതവിദ്യാഭ്യാസ സഹമന്ത്രി കോൺസ്റ്റാൻറിൻ മൊഗിലെവ്‌സ്‌കി പറഞ്ഞു.
യു.എസുമായുള്ള വ്യാപാരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്ന അവസരത്തിലാണ് റഷ്യയുടെ ഹിന്ദി പഠിപ്പിക്കൽ നീക്കം. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുമ്പത്തേക്കാൾ കൂടുതൽ അവസരങ്ങളുണ്ട്. ഹിന്ദിയിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മോസ്‌കോയിൽ മാത്രം എം.ജി.ഐ.എം.ഒ, ആർ.എസ്.യു.എച്ച്, മോസ്‌കോ സർവകലാശാലയിലെ ഏഷ്യൻ-ആഫ്രിക്കൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്, മോസ്‌കോ സ്‌റ്റേറ്റ് ലിംഗ്വിസ്റ്റിക് സർവകലാശാല എന്നിവിടങ്ങളിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട്. സെൻറ് പീറ്റേഴ്‌സ് ബർഗ് സ്റ്റേറ്റ് സർവകലാശാല, കസാൻ ഫെഡറൽ സർവകലാശാല എന്നിവയൊക്കെ ഹിന്ദി കോഴ്‌സുകൾ വിപുലീകരിക്കുന്നതായി അറിയിച്ചിട്ടുണ്ടെന്നും മൊഗിലെവ്‌സ്‌കി പറഞ്ഞു.
റഷ്യൻ ഫെഡറേഷനിലെ മെഡിക്കൽ, ടെക്നിക്കൽ സ്ഥാപനങ്ങളിൽ നിലവിൽ ഏകദേശം 4,500 ഇന്ത്യൻ വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. അവരിൽ 90% വിദ്യാർഥികളും രാജ്യത്തുടനീളമുള്ള ഏകദേശം 20 സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ മെഡിക്കൽ പഠനം നടത്തുന്നു. ബാക്കിയുള്ളവർ എഞ്ചിനീയറിങ്, എയറോനോട്ടിക്കൽ ഡിസൈനിങ്, കമ്പ്യൂട്ടർ സയൻസ്, ട്രാൻസ്പോർട്ട് ടെക്നോളജി, മാനേജ്മെന്റ്, കൃഷി, ബിസിനസ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവ പഠിക്കുന്നു.
ആഗോള സമാധാനത്തിനും സ്ഥിരതക്കും സമൃദ്ധിക്കും ഡൽഹിയും മോസ്കോയും തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.