സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്
മഡ്രിഡ്: ഗസ്സയിലെ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ ആയുധ ഉപരോധമടക്കം ഒമ്പത് നടപടികൾ പ്രഖ്യാപിച്ച് സ്പെയിൻ. ഇസ്രായേലിന് ആയുധം വിൽക്കുന്നതും വാങ്ങുന്നതും പൂർണമായി വിലക്കും.
ഇസ്രായേൽ സേനക്ക് ഇന്ധനവുമായി പോകുന്ന കപ്പലുകൾക്ക് സ്പാനിഷ് തുറമുഖങ്ങളിൽ നിർത്താൻ അനുമതി നിഷേധിക്കൽ, ഇസ്രായേൽ ആയുധങ്ങൾ വഹിക്കുന്ന വിമാനങ്ങൾക്ക് വ്യോമാതിർത്തി അടക്കൽ, വംശഹത്യയിൽ പങ്കാളിത്തം തെളിഞ്ഞ വ്യക്തികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തൽ തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മന്ത്രിസഭാംഗങ്ങൾക്കും വിലക്ക് ബാധകമായേക്കും. ഫലസ്തീനിൽ ദുരിതാശ്വാസത്തിന് കൂടുതൽ തുകയും അനുവദിക്കും. വിലക്കുകൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു.
ഗസ്സ സിറ്റി: ഗസ്സയിൽ അവശേഷിക്കുന്ന ഏക പട്ടണമായ ഗസ്സ സിറ്റി തരിപ്പണമാക്കുന്നത് തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസങ്ങളിലേതിന്റെ തുടർച്ചയായി തിങ്കളാഴ്ച 12 നില കെട്ടിടം തകർത്തു. കെട്ടിടമൊഴിയാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി 90 മിനിറ്റിനകമാണ് ബോംബറുകൾ നഗരത്തിലെ പ്രധാന കെട്ടിടം തകർത്തത്.
ഇതോടെ, ദിവസങ്ങൾക്കിടെ ഗസ്സ സിറ്റിയിൽ മാത്രം ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ എണ്ണം 50 ആയി. ഇവിടെ കഴിയുന്ന 10 ലക്ഷത്തോളം ഫലസ്തീനികൾ തെക്കൻ ഗസ്സയിലെ മവാസിയിലേക്ക് മാറണമെന്നാണ് ഇസ്രായേൽ നിർദേശം. ഇതിനകം ലക്ഷങ്ങൾ ഗസ്സയിലെ മറ്റു ഭാഗങ്ങളിൽനിന്ന് അഭയം തേടിയ ഇടമാണ് മവാസി. ഇവിടെയും ഇസ്രായേൽ ആക്രമണം വ്യാപകമാണ്.
എല്ലാ ബന്ദികളെയും വിട്ടയച്ച് ഹമാസ് കീഴടങ്ങണമെന്നും ഇത് അവസാന അവസരമാണെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചതായും ട്രംപ് പറഞ്ഞു. വെടിനിർത്തലിന്റെ ആദ്യ ദിവസം തന്നെ ജീവനോടെയും അല്ലാതെയുമുള്ള 48 ബന്ദികളെയും ഹമാസ് വിട്ടയക്കണമെന്നാണ് ട്രംപിന്റെ വെടിനിർത്തൽ നിർദേശം. പകരം ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേലും വിട്ടയക്കും. ശാശ്വത യുദ്ധവിരാമം തുടർന്ന് ആലോചിക്കും. അതേ സമയം,
ഹമാസ് കീഴടങ്ങാത്ത പക്ഷം ഗസ്സ സിറ്റിയുടെ ആകാശത്ത് ശക്തമായ കൊടുങ്കാറ്റടിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ നഗരത്തിലുടനീളം ഇസ്രായേൽ വ്യാപക ആക്രമണം അഴിച്ചുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ബോംബർ വിമാനങ്ങൾക്ക് പുറമെ സ്ഫോടക വസ്തുക്കൾ നിറച്ച കവചിത വാഹനങ്ങൾ നഗരത്തിൽ പലയിടത്തായി എത്തിച്ച് സ്ഫോടനം നടത്തുന്നതായും നഗരവാസികൾ പറഞ്ഞു.
ശൈഖ് റദ്വാൻ, സെയ്തൂൻ, തുഫ്ഫ എന്നിവിടങ്ങളിലാണ് കൂടുതൽ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗസ്സ സിറ്റിക്ക് പുറമെ ഗസ്സയിലെ മറ്റിടങ്ങളിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച ആക്രമണങ്ങളിൽ 40 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.