ചുവപ്പണിഞ്ഞ് നോർവെ; പൊതുതെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വിജയം

ഓസ്‌ലോ: നോർവേ പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് വീണ്ടും ജയം. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളിൽ 89 സീറ്റുകളിൽ ഭൂരിപക്ഷം നേടി. വലതുപക്ഷ കൂട്ടായ്മയ്ക്ക് 80 സീറ്റുകളാണ് ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത ജോനാസ് ഗഹർ സ്റ്റോർ വോട്ടർമാർക്ക് നന്ദി അറിയിച്ചു. വലതുപക്ഷ പാർട്ടികൾ വളർന്നുവരുമ്പോൾ പോലും യൂറോപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾക്ക് തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയുമെന്ന് വിജയം തെളിയിച്ചതായും സ്റ്റോർ പറഞ്ഞു.

ആഭ്യന്തര വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രധാന കക്ഷികൾ ഇക്കുറി രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. 1892 മുതൽ നോർവീജിയൻ നയത്തിന്റെ ഭാഗമായി ​​രാജ്യത്തെ ധനികരിൽ നിന്ന് ഈടാക്കുന്ന നികുതിയും, യുക്രെയ്ൻ യുദ്ധവും യു.എസ് സാമ്പത്തിക നയങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് സജീവ ചർച്ചയായി.

അവസാന ഫലങ്ങൾ വരുമ്പോൾ തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടും നികുതി നിയന്ത്രണങ്ങളും ഉയർത്തിക്കാട്ടിയ സിൽവി ലിസ്റ്റോഗിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസ് പാർട്ടി യുവാക്കൾക്കിടയിൽ വലിയ പിന്തുണ നേടി. മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ഇരട്ടിയോളം ഉയർത്തിയ പ്രോഗ്രസ് പാർട്ടി ഇക്കുറി 24 ശതമാനം വോട്ടുമായി മുഖ്യ പ്രതിപക്ഷ പാർട്ടിയായി. സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചാരണം ശക്തമാക്കിയായിരുന്നു പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

മുൻ പ്രധാനമന്ത്രി എർന സോൾബർഗിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കൺസർവേറ്റീവ് പാർട്ടി കനത്ത തിരിച്ചടി നേരിട്ടു. 20 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കൺസർവേറ്റീവ് പാർട്ടിക്ക് 14.6 ശതമാനം വോട്ടാണ് നേടാനായത്. നികുതി കുറക്കുന്നതടക്കം പാർട്ടിയുടെ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പിൽ കാര്യമായ ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് നോർവേ. നാറ്റോ അംഗമായ രാജ്യം റഷ്യക്കെതിരായി യുക്രെയ്ൻ പ്രതിരോധത്തിന് നിരുപാധിക പിന്തുണയാണ് നൽകുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും സഖ്യവുമായി ആഴത്തിലുളള വ്യവസായ ബന്ധങ്ങളുമുണ്ട്.

ജോനാസ് ഗഹർ സ്റ്റോറിന്റെ ലേബർ പാർട്ടിക്ക് പാർലമെന്റിൽ സെന്റർ പാർട്ടി, ഗ്രീൻസ്, സോഷ്യലിസ്റ്റ് ലെഫ്റ്റ്, കമ്മ്യൂണിസ്റ്റ് റെഡ് പാർട്ടി എന്നിവയുടെ പിന്തുണയുണ്ട്. എങ്കിലും എണ്ണ ഖനനം, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം, ഇസ്രയേലിലെ സോവറീൻ വെൽത്ത് ഫണ്ട് നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ട്.

Tags:    
News Summary - Norway’s Labor Party claims victory in general election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.