കെ.പി ശർമ ഒലി
കാഠ്മണ്ഡു: നേപ്പാളിനെ ആളിക്കത്തിച്ച് തുടരുന്ന ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചു. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് രണ്ടാം ദിനം പദവിയൊഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൂറോളം പ്രക്ഷേഭാകാരികൾ ഇരച്ചു കയറുകയും, വസതിക്ക് തീവെക്കുകയും ചെയ്തിരുന്നു.
19 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധക്കാർ പ്രക്ഷോഭം സജീവമാക്കിത്. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫീസുകളും അഗ്നിക്കിരയാക്കി.
പ്രക്ഷോഭം തണുപ്പിക്കുന്നതിനായി ചൊവ്വാഴ്ച വൈകുന്നേരം സംയുക്ത യോഗം വിളിച്ചിരിക്കയാണ്, പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം. ഉടൻ തന്നെ അദ്ദേഹം രാജ്യം വിട്ട് ദുബൈയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണ ചുമതല ഉപപ്രധാനമന്ത്രിക്ക് കൈമാറിയാണ് കെ.പി ശർമ നാടുവിടുന്നത്.
പ്രധാനമന്ത്രിക്ക് പുറമെ, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ്രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചു. പ്രക്ഷോഭം സംഘർഷമായി മാറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പ് ആഭ്യന്തര മന്ത്രി രമേശ് ലേഖക് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കൂടുതൽ മന്ത്രിമാരുടെ രാജിയോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കൂടിയാണ് തുടക്കമാകുന്നത്.
സേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദലുമായി ചർച്ച നടത്തിയതിനു പിന്നാലെ, സൈന്യത്തിന്റെ കൂടി ഉപദേശം സ്വീകരിച്ചായിരുന്നു രാജിയെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നാണ് സൂചന.
തീവെപ്പും, കൈയേറ്റവുമായി പ്രക്ഷേഭാം
19 പേർ കൊല്ലപ്പെടുകയും 300പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപം രണ്ടാം ദിനം കൂടുതൽ ശക്തമാവുകയായിരുന്നു. പ്രധാനമന്ത്രിയുടെ വീടിന് പുറമെ, ആഭ്യന്തര മന്ത്രി രമേശ് ലേഖകിന്റെ കഠ്മണ്ഡുവിലെ വീടും, മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദുബെയുടെ വീടും അഗ്നിക്കിരയാക്കി. തലസ്ഥാനമായ കാഠ്മണ്ഡുവിലെ കലങ്കി, കലിമാടി, തഹചാൽ, ബനേശ്വർ, ലളിത്പൂർ ജില്ലയിലെ ച്യാസൽ, ചപാഗു, തെചോ തുടങ്ങി വിവിധ മേഖലകളിലും പ്രക്ഷോഭകാരികൾ സംഘടിച്ച് സർക്കാറിനെതിരെ തിരിഞ്ഞതോടെയാണ് തലസ്ഥാന നഗരി കാലപ ഭൂമിയായി മാറിയത്.
പ്രക്ഷേഭാകാരികൾക്കിടയിൽ കുടുങ്ങിയ മന്ത്രിമാരെ സൈന്യം ഹെലികോപ്റ്റർ ഉപയോഗിച്ചാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അതേസമയം, ഇന്ത്യ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. രണ്ടു ദിവസമായി തുടരുന്നു പ്രക്ഷോഭം നിരീക്ഷിക്കുകയാണ് ഇന്ത്യ. ചർച്ചയിലൂടെ വിഷയം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
സാമൂഹിക മാധ്യമ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭ സംഘർഷമായി മാറിയതോടെ നിരോധ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ നിരോധന ഉത്തരവ് പിൻവലിച്ച് 26 സാമൂഹിക മാധ്യമങ്ങളും പതിവു പോലെ പ്രവർത്തന ക്ഷമമായി. എന്നാൽ, ഇത് സർക്കാറിന് തിരിച്ചടിയായി മാറുന്നതാണ് അടുത്ത മണിക്കൂറുകളിൽ കണ്ടത്. പ്രക്ഷോഭ വീഡിയോകൾ മുതൽ, വെടിവെപ്പിന്റെ ദൃശ്യങ്ങളും, പ്രതിഷേധക്കാരുടെ ആവശ്യങ്ങളുമെല്ലാം സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവെച്ചതോടെ കൂടുതൽ പേർ അണിചേരുന്ന കാഴ്ചയാണ് ചൊവ്വാഴ്ച കണ്ടത്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യവുമായാണ് രണ്ടാം ദിനം പ്രക്ഷോഭം സജീവമായത്. ഇതിനു പുറമെ, പുതിയ സർക്കാർ രൂപീകരിക്കുക, അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പ്രതിഷേധക്കാർക്കെതിരെ തോക്കെടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുമുയർന്നു. പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ കൂടുതൽ മന്ത്രിമാരും രാജിവെച്ചു.
വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമ വെബ്സൈറ്റുകൾക്ക് വ്യാഴാഴ്ച നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിൽ സൈറ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന പാലിക്കാഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. ഒരുപതിറ്റാണ്ടിനിടെ നേപ്പാൾ കണ്ട രൂക്ഷമായ പ്രതിഷേധത്തിൽ, ആയിരക്കണക്കിന് യുവജനങ്ങളാണ് തെരുവിലിറങ്ങിയത്. യൂണിഫോം ധരിച്ച വിദ്യാർഥികളടക്കം ആയിരങ്ങൾ കാഠ്മണ്ഡുവിലെ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ‘അഴിമതിയാണ് നിർത്തേണ്ടത് സമൂഹ മാധ്യമങ്ങളല്ല’ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ളക്കാർഡുകളുമായായിരുന്നു പ്രതിഷേധം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.