ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്‍റെ വെബ് വേർഷനെക്കുറിച്ച് അടുത്തിടെയായി ഉപയോക്താക്കളുടെ പരാതിപ്രളയമാണ്. വാട്സ്ആപ്പ് വെബിൽ ചാറ്റുകളിലൂടെ സ്ക്രോൾ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്ന പ്രധാന പരാതി.
എക്സിൽ ഇത്തരം പരാതികൾ ഏറെ വരുന്നുണ്ട്. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ് വെബ് ഉപയോക്താക്കൾ ഇക്കാര്യം നേരിടുന്നുണ്ടെന്നാണ് എക്സിലെ പല കുറിപ്പുകളും കാണിക്കുന്നത്.
ഈ പ്രശ്നം നേരിട്ട നമ്മളിൽ പലരും സ്വന്തം ലാപ്ടോപ്പിന്‍റെയോ ഡിവൈസിന്‍റെയോ കുഴപ്പമാണെന്നാണ് ചിന്തിച്ചത്. എന്നാൽ, ചാറ്റിൽ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ തുറന്നതിനു ശേഷമാണ് പലപ്പോഴും ബഗ് പ്രത്യക്ഷപ്പെടുന്നതെന്ന് ടെക്നോളജി ട്രാക്കർമാർ അഭിപ്രായപ്പെടുന്നു. പരിഹാരം കാണുന്നതുവരെ സ്റ്റിക്കറുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് പലരും നിർദേശിക്കുന്നത്. സ്ക്രോൾ ചെയ്യുമ്പോൾ ബ്രൗസർ വിൻഡോയുടെ വലുപ്പം മാറ്റുകയോ ആൾട്ട് കീ അമർത്തുകയോ ചെയ്താൽ പ്രശ്നം പരിഹരിക്കാമെന്നും ചിലർ പറയുന്നു.
ഇതാദ്യമായല്ല, വാട്സ്ആപ്പ് ഉപയോക്താക്കളെ നിരാശരാക്കുന്നത്. ഏപ്രിൽ മാസത്തിൽ, അയക്കുന്ന മെസ്സേജുകൾ ഡെലിവറി ആകുന്നില്ലെന്ന് ആയിരക്കണക്കിന് പേർ റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ സേവനത്തിലെ തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടറിന്റെ കണക്കനുസരിച്ച്, ഒരേ സമയം 460-ലധികം റിപ്പോർട്ടുകളാണ് അന്ന് ഫയൽ ചെയ്യപ്പെട്ടത്. ചില ഉപയോക്താക്കൾ സ്റ്റാറ്റസുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ആപ്പിൽ ലോഗിൻ ചെയ്യുന്നതിനും അടക്കം തടസ്സം നേരിട്ടതായി പരാതിപ്പെട്ടിരുന്നു. ഫെബ്രുവരി 28നും മെസ്സേജുകൾ ഡെലിവറി ആവുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.