ന്യൂഡൽഹി: ഇന്ത്യൻ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത ഹിന്ദി ഭാഷയിലുള്ള എ.ഐ ചാറ്റ്ബോട്ടുകൾ വികസിപ്പിക്കുന്നതിനായി മെറ്റ അമേരിക്കയിൽ മണിക്കൂറിൽ 55 ഡോളർ (ഏകദേശം 4,850 രൂപ) വരെ നിരക്കിൽ കോൺട്രാക്ടർമാരെ നിയമിക്കുന്നതായി റിപ്പോർട്ട്. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ അതിവേഗം വളരുന്ന വിപണികളിൽ എ.ഐ സാന്നിധ്യം വികസിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്രിസ്റ്റൽ ഇക്വേഷൻ, അക്വന്റ് ടാലന്റ് തുടങ്ങിയ സ്റ്റാഫിങ് സ്ഥാപനങ്ങൾ വഴിയാണ് കോൺട്രാക്ടർമാരെ നിയമിക്കുന്നത്. ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നിവയിലുടനീളം പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾക്കായി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അപേക്ഷകർക്ക് ഹിന്ദി, ഇന്തോനേഷ്യൻ, സ്പാനിഷ്, പോർച്ചുഗീസ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരിക്കണം. കൂടാതെ കഥപറച്ചിൽ, കഥാപാത്ര വികസനം, എ.ഐ ഉള്ളടക്ക വർക്ക്ഫ്ലോകളിൽ എന്നിവയിൽ കുറഞ്ഞത് ആറ് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
നിയമന നീക്കത്തെക്കുറിച്ച് മെറ്റയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നിരുന്നാലും ക്രിസ്റ്റൽ ഇക്വേഷൻ മെറ്റക്ക് വേണ്ടി ഹിന്ദി, ഇന്തോനേഷ്യൻ ഭാഷാ തസ്തികകൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശികവൽക്കരിച്ച ചാറ്റ്ബോട്ട് കഥാപാത്രങ്ങളെ നിർമിക്കുന്നതിനായി കോൺട്രാക്ടർമാരെ നിയമിക്കാനുള്ള തീരുമാനം ഇന്ത്യൻ ഉപയോക്താക്കൾക്ക് സാംസ്കാരികമായി പ്രസക്തമെന്ന് തോന്നുന്ന ഡിജിറ്റൽ കൂട്ടാളികളെ സൃഷ്ടിക്കാനുള്ള മെറ്റയുടെ ശ്രമത്തെ എടുത്തുകാണിക്കുന്നു.
അതേസമയം മെറ്റയുടെ എ.ഐ ചാറ്റ്ബോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വർധിച്ചുവരുന്ന വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മെറ്റയുടെ ചില ബോട്ടുകൾ പ്രായപൂർത്തിയാകാത്തവരുമായി അനുചിതമായ പ്രണയപരമോ ലൈംഗികമോ ആയ സംഭാഷണങ്ങളിൽ ഏർപ്പെടുകയും തെറ്റിദ്ധരിപ്പിക്കുന്ന വൈദ്യോപദേശം നൽകുകയും, വംശീയ പ്രതികരണങ്ങൾ പോലും ഉണ്ടാക്കുകയും ചെയ്തതായി മുൻകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യതാ ആശങ്കകളും ഉയർന്നിട്ടുണ്ട്. ഈ റിപ്പോർട്ടുകളെ തുടർന്ന് മെറ്റയുടെ എ.ഐ നയങ്ങളിൽ കർശനമായ മേൽനോട്ടം വഹിക്കണമെന്ന് യു.എസ് നിയമ നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.