പ്രതീകാത്മക ചിത്രം

സൈബർ ആക്രമണം: നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണോ?

സൈബർ ലോകത്ത് എത്രത്തോളം സൂക്ഷ്മത പുലർത്തുന്നോ അത്രത്തോളം നമ്മുടെ നിക്ഷേപങ്ങളും സുരക്ഷിതമായിരിക്കും. പലപ്പോഴും ചെറിയ ചില അബദ്ധങ്ങളാണ് തട്ടിപ്പുകാർക്ക് സഹായകമാകുന്നത്. ഡീമാറ്റ് അക്കൗണ്ടുകളിൽ സൂക്ഷിച്ച മൂച്വൽ ഫണ്ട് യൂനിറ്റുകൾ, ഓഹരികൾ, ഇ.ടി.എഫ്, ബോണ്ടുകൾ തുടങ്ങിയവ തട്ടിയെടുക്കുന്നത് ഉൾപ്പെടെ നിരവധി സാമ്പത്തിക തട്ടിപ്പുകളാണ് നിത്യവും നടക്കുന്നത്. സൈബർ ചതിക്കുഴികളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വിവരസാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന എന്തു കുറ്റകൃത്യവും സൈബർ ക്രൈമിന്‍റെ പരിധിയിൽ വരും. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി ബാങ്ക് അക്കൗണ്ട്, സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണമെല്ലാം കൈക്കലാക്കുന്ന ഫിഷിങ്, സുപ്രധാന രേഖകളോ വിലപിടിപ്പുള്ള ഫയലുകളോ അടങ്ങിയ കമ്പ്യൂട്ടറുകൾ ഹാക്കുചെയ്ത് വൻ തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന റാൻസംവേർ ആക്രമണം, കമ്പ്യൂട്ടറുകളിലേക്കും മൊബൈൽ ഫോണുകളിലേക്കും മാൽവെയറുകളെ കയറ്റിവിട്ട് നടത്തുന്ന തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾ എന്നിവയെല്ലാം സൈബർ കുറ്റകൃത്യങ്ങളാണ്.

എന്താണ് ഡീമാറ്റ് അക്കൗണ്ട്‍?

ഓഹരികൾ, ബോണ്ടുകൾ, ഇ.ടി.എഫുകൾ, മ്യൂച്വൽ ഫണ്ട് യൂനിറ്റുകൾ തുടങ്ങിയ നിക്ഷേപങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ഡീമെറ്റീരിയലായി സൂക്ഷിക്കുന്ന ഡിജിറ്റൽ ലോക്കർ ആണ് ഡീമാറ്റ് അക്കൗണ്ടുകൾ. സൈബർ തട്ടിപ്പുകാർ ഡീമാറ്റ് അക്കൗണ്ടുകളിലെ നമ്മുടെ ആസ്തികളിലാണ് ഉന്നം വെച്ചിരിക്കുന്നത്.

നമ്മൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയ ഇ-മെയിലിലും മൊബൈലിലേക്കും വരുന്ന എല്ലാ സന്ദേശങ്ങളും വളരെ ശ്രദ്ധാപൂർവം വായിക്കണം. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ഉടനെ ബന്ധപ്പെട്ട ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റിനേയും (ഡി.പി-ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റായ ബ്രോക്കിങ് സ്ഥാപനങ്ങൾ) ഡെപ്പോസിറ്ററീസ് ആയ എൻ.എസ്.ഡി.എൽ/ സി.ഡി.എസ്.എൽ തുടങ്ങിയ സ്ഥാപനങ്ങളെയും അറിയിക്കണം.

സൈബർ സുരക്ഷക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശക്തമായ പാസ് വേഡുകളും പാസ് വേഡ് മാനേജറും ഉപയോഗിക്കുക.
  • മൾട്ടി ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കുക(വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയവ ഉൾപ്പെടെ)
  • സുരക്ഷിതമായ ബ്രൗസിങ് ശീലിക്കുക (അനാവശ്യ സൈറ്റുകൾ/ലിങ്കുകൾ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കമ്പ്യൂട്ടർ/ മൊബൈൽ ഉപയോഗിച്ച് സന്ദർശിക്കാതിരിക്കുക)
  • സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗിക്കുക
  • സംശയകരമായ ഇ-മെയിലുകൾ, സന്ദേശങ്ങൾ, വെബ്സൈറ്റുകൾ എന്നിവ തിരിച്ചറിയുക

ഡിജിറ്റൽ നിക്ഷേപങ്ങളുടെ സുരക്ഷക്ക്

  • ഓൺലൈൻ ട്രേഡിങ്ങും നിക്ഷേപവും സുരക്ഷിതമായ നെറ്റ്‌വർക്ക് ഉപയോഗിച്ചു മാത്രം ചെയ്യുക.
  • ആഴ്ചയിലോ രണ്ടാഴ്ചയിലൊരിക്കലോ വിപണി വ്യതിയാനങ്ങൾക്ക് അനുസൃതമായി നിക്ഷേപ നീക്കിയിരിപ്പ് കൃത്യമല്ലേയെന്ന് പരിശോധിക്കുക.
  • ഡി.പി അല്ലെങ്കിൽ ബ്രോക്കർമാർക്ക് നൽകുന്ന പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് നിങ്ങളുടെ അനുമതിയില്ലാതെ ഡീമാറ്റ് അക്കൗണ്ടിൽ കയറി ഇടപാടുകൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക.
  • ഡി.പിക്ക് നൽകുന്ന പവർ ഓഫ് അറ്റോർണിക്ക് പരിധി വെക്കുക.
  • ഇടപാടുകൾ നടത്താൻ രണ്ടോ മൂന്നോ വർഷം മാത്രം പഴക്കമുള്ള പുതിയ കമ്പ്യൂട്ടർ/മൊബൈൽ ഫോൺ ഉപയോഗിക്കുക.
  • ട്രേഡിങ് നടത്താതിരിക്കുന്ന ഘട്ടങ്ങളിൽ ഡീമാറ്റ് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കുക.
  • പാസ് ​വേഡ് ഉൾപ്പെടെയുള്ള ലോഗിൻ വിവരങ്ങൾ ഡിവൈസുകളിൽ സേവ് ചെയ്യുന്നത് ഒഴിവാക്കുക.
  • ഉപകരണങ്ങളിലെ സോഫ്റ്റ് വെയറുകൾ (ഓപറേറ്റിങ് സിസ്റ്റവും ബ്രൗസറുകളും) ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റാക്കി വെക്കുക.
  • ഉപകരണങ്ങളിൽ ആന്റി വൈറസുകളും ഫയർ വാളുകളും സ്ഥാപിക്കുക.
  • എല്ലാ ഡേറ്റകളുടെയും ബാക്ക് അപ് സൂക്ഷിക്കുന്നത് ശീലിക്കുക.

തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള വഴികൾ

അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്താൽ ഫയൽ ഇല്ലാതെയുള്ള മാൽവെയറുകളും നിർമിത ബുദ്ധിയും(എ.ഐ) ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഇപ്പോൾ അധികവും നടക്കുന്നത്. എ.ഐ ഉപയോഗിച്ചുള്ള തട്ടിപ്പിൽ കുടുംബാംഗങ്ങളുടെ ശബ്ദത്തിൽ വരെ വിളിച്ച് ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ചോദിക്കുന്ന രീതിയുണ്ട്. ഇത് വളരെ ശ്രദ്ധിക്കണം. തട്ടിപ്പിൽ പെടാതിരിക്കാൻ വേണ്ടപ്പെട്ടവരെ തിരിച്ചറിയാനും മനസ്സിലാക്കാനും ഒരു പ്രത്യേക കോഡ് നിശ്ചയിക്കുക. ഇത് രഹസ്യമായി വേണ്ടപ്പെട്ടവർക്കിടയിൽ മാത്രം സൂക്ഷിക്കുക. അംഗങ്ങൾക്കിടയിൽ ഒ.ടി.പി കൈമാറേണ്ട ആവശ്യം വരുമ്പോൾ ആദ്യം ഈ കോഡ് ചോദിച്ച് ആളെ ഉറപ്പുവരുത്തുക.

  • ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്ന വിവരങ്ങൾക്ക് സൈബർ ഭീഷണി ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക.
  • ഇലക്ട്രോണിക് ഉപകരണങ്ങൾ സൗജന്യ നെറ്റ് വർക്കുകൾ മുഖേന അനാവശ്യമായി ഉപയോഗിക്കാതിരിക്കുക.
  • അംഗീകൃത വൈഫൈ നെറ്റ് വർക്കുകൾ ഉപയോഗിച്ച് മാത്രം ബ്രൗസിങ് ചെയ്യുക.
  • സൗജന്യ നെറ്റ് വർക്കുകൾ അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഉപയോഗിക്കാതിരിക്കുക (വിമാനത്താവള നെറ്റ് വർക്ക് പോലെയുള്ള സർക്കാർ നെറ്റ് വർക്കുകൾ ഉപയോഗിക്കാം).
  • അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.
  • പറ്റുമെങ്കിൽ വി.പി.എൻ (വെർച്വൽ ​െപ്രെവറ്റ് നെറ്റ്‍വർക്ക്) സുരക്ഷിത ആപ്പുകൾ മാത്രം ഉപയോഗിക്കുക.
  • സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ മറ്റ് ഇതര ബ്രൗസിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാതിരിക്കുക.

സൈബർ തട്ടിപ്പിന് ഇരയായാൽ

  • നാഷനൽ സൈബർ ക്രൈം ഹെൽപ് ലൈനിലേക്ക് അതായത് 1930ലേക്ക് വിളിക്കുക. അല്ലെങ്കിൽ നാഷനൽ സൈബർ റിപ്പോർട്ടിങ് പോർട്ടലിൽ (https://cybercrime.gov.in) പരാതി രജിസ്റ്റർ ചെയ്യുക.
  • പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അടിയന്തരമായി ബാങ്ക് അക്കൗണ്ട്/ ക്രെഡിറ്റ് കാർഡ്/ഡിജിറ്റൽ വാലറ്റ് സേവനദാതാക്കളെ അറിയിക്കുക.
  • ഡീമാറ്റ് അക്കൗണ്ടിൽ നിന്നുമാണ് തട്ടിപ്പ് നടന്നതെങ്കിൽ ബന്ധപ്പെട്ട ഡി.പിയെയും ഡെപ്പോസിറ്ററിയെയും അടിയന്തരമായി അറിയിക്കുക ( പരമാവധി 48 മണിക്കൂറിനകം).
  • അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക.
  • ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് ബാങ്കിങ് ഓംബുഡ്സ്മാനിൽ പരാതി നൽകുക.
  • തട്ടിപ്പിന് ഇരയായാൽ റിപ്പോർട്ടിങ് സമയത്തിനു വളരെയേറെ പ്രാധാന്യം ഉള്ളതിനാൽ പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ, വെബ്സൈറ്റുകൾ എന്നിവയുടെ പട്ടിക തയാറാക്കിവെക്കുക. കൂടാതെ, ക്രെഡിറ്റ് കാർഡ്, പേയ്മെന്റ് ആപ്പുകൾ, മറ്റു പ്രധാനപ്പെട്ട ആപ്പുകൾ തുടങ്ങിയവയുടെ കസ്റ്റമർ കെയർ നമ്പറുകൾ പ്രത്യേകം തയാറാക്കിവെക്കുക.

ഗോൾഡൻ അവർ കംപ്ലയിന്റ്: സൈബർ തട്ടിപ്പുകൾ നടന്ന് ആദ്യത്തെ ഒന്നുമുതൽ രണ്ടു മണിക്കൂറിനകം തന്നെ ബന്ധപ്പെട്ട ബാങ്കിനെയോ സൈബർ സെല്ലിനെയോ ഹെൽപ് ലൈനിലോ റിപ്പോർട്ട്‌ ചെയ്യുന്നതിനെയാണ് ‘ഗോൾഡൻ അവർ’ എന്ന് പറയുന്നത്. ഈ സമയത്ത് തട്ടിപ്പിനിരയായ തുക ട്രാൻസാക്ഷൻ ചാനലിൽ ആയിരിക്കും. മുഴുവനായും തട്ടിപ്പുകാരുടെ കൈയിൽ എത്തിക്കാണില്ല. അതിനാൽ തിരിച്ചുപിടിക്കാനോ തടസ്സപ്പെടുത്താനോ ഉള്ള സാധ്യത കൂടുതലാണ്.

വിവരങ്ങൾക്ക് കടപ്പാട്: പി. അനിൽകുമാർ (ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, പാലക്കാട് ജില്ല പഞ്ചായത്ത് ഫിനാൻസ് ഓഫിസർ)

Tags:    
News Summary - Cyber ​​Attack: Are Your Investments Safe?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.