തൂനിസ്: സഹായ വസ്തുക്കളുമായി ഗസ്സയിലേക്ക് തിരിച്ച ഗ്രെറ്റ തുൻബെർഗ് അടക്കമുള്ളവർ സഞ്ചരിക്കുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജി.എസ്.എഫ്) സംഘത്തിലെ കപ്പലിനുനേർക്ക് ഡ്രോൺ ആക്രമണം. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായാണ് റിപ്പോർട്ട്. ഗ്രെറ്റയോടൊപ്പം 44 രാഷ്ട്രങ്ങളിൽനിന്നുള്ള പൗരന്മാരാണ് ഈ കപ്പലിലുള്ളത്.
ജി.എസ്.എഫ് കപ്പൽ സംഘത്തിലെ പോർച്ചുഗീസ് പതാക നാട്ടിയ ‘ഫാമിലി ബോട്ട്’ എന്ന കപ്പലിൽ സംഘാടക സമിതി അംഗങ്ങളാണ് ഉണ്ടായിരുന്നത്. കപ്പൽ തുനീഷ്യയിലെ സിദി ബൗ സെദ് തീരത്ത് നങ്കൂരമിട്ട സമയത്താണ് കത്തിയത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ദൗത്യത്തിൽ നിന്നും പിൻമാറില്ലെന്നും സമാധാനപരമായി യാത്ര തുടരുമെന്നും ജി.എസ്.എഫ് അറിയിച്ചു. ഡ്രോൺ ആക്രമണ നടന്നെന്ന വാർത്ത പരന്നതോടെ കപ്പലിലുള്ളവർക്ക് പിന്തുണയുമായി ‘ഫ്രീ ഫലസ്തീൻ’ മുദ്രാവാക്യവുമായി ജനങ്ങൾ തടിച്ച് കൂടി.
എന്നാൽ, ഡ്രോൺ അക്രമണം നടന്നെ റിപ്പോർട്ടുകൾ തള്ളി തുനീഷ്യ രംഗത്തെത്തി. പ്രാഥമിക അന്വേഷണത്തിൽ കപ്പലിനടുത്ത് ഡ്രോണുകൾ കണ്ടെത്തിയിട്ടില്ല. കപ്പലിനുള്ളിലെ സാങ്കേതിക തകരാർ കാരണമായിരിക്കും തീ പിടുത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും തുനീഷ്യ അറിയിച്ചു.
ഗസ്സയിലെ പട്ടിണി നേരിടുന്ന ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെയിനിലെ ബാഴ്സലോണ തുറമുഖത്തുനിന്നാണ് ആഗോള സുമുദ് ഫ്ലോട്ടിലയിലെ ആദ്യ സംഘം ഗസ്സയിലേക്ക് യാത്ര തിരിച്ചത്. ഭക്ഷണവും, മരുന്നും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനായി 50 ലധികം കപ്പലുകളുകളാണ് സംഘത്തിലുള്ളത്.
കപ്പൽ മാർഗ്ഗം ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ആക്ടിവിസ്റ്റുകൾ നേരത്തെ നടത്തിയ രണ്ട് ശ്രമങ്ങളും ഇസ്രയേൽ തടഞ്ഞിരുന്നു. ജൂൺ, ജൂലൈ മാസം ഗസ്സയിലേക്ക് രണ്ട് ഫ്ലോട്ടിലകൾ സഞ്ചരിച്ചിരുന്നു. എന്നാൽ ഗസ്സയിൽ നിന്ന് 185 കിലോമീറ്റർ പടിഞ്ഞാറ് വെച്ച് കപ്പലിലുണ്ടായിരുന്ന 12 ആക്ടിവിസ്റ്റുകളെ ഇസ്രയേൽ സൈന്യം തടഞ്ഞുവെക്കുകയും ഗ്രെറ്റ അടക്കമുള്ളവരെ മടക്കിയയ്ക്കുകയുമായിരുന്നു. ജൂലൈയിൽ ‘ഹന്ദല’ എന്ന കപ്പലിൽ ഗസ്സയിലേക്ക് പുറപ്പെട്ട 10 രാജ്യങ്ങളിൽ നിന്നുള്ള 21 ആക്ടിവിസ്റ്റുകളെയും തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.