കാഠ്മണ്ഡു: സമൂഹ മാധ്യമ വിലക്കിന്റെ പേരിൽ ഇളമുറക്കാർ തെരുവുകൾ കീഴടക്കിയ നേപ്പാളിൽ സ്ഥിതി കൈവിട്ടുപോകുമോ? 19 പേർ മരിക്കുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത് അനുദിനം കരുത്താർജിക്കുന്ന പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. പ്രക്ഷോഭകർക്കു നേരെ റബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ച് പൊലീസ് നേരിടുന്നുവെങ്കിലും വരുംനാളുകൾ കൂടുതൽ കലുഷിതമാകുമെന്നാണ് സൂചന.
വാർത്ത വിതരണ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തില്ലെന്നു പറഞ്ഞാണ് വ്യാഴാഴ്ച നേപ്പാളിൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് പ്രഖ്യാപിക്കുന്നത്. ഒരാഴ്ച അവധി നൽകി ആഗസ്റ്റ് 28ന് എല്ലാ കമ്പനികൾക്കും നോട്ടീസ് നൽകിയെങ്കിലും വഴങ്ങാത്തതാണ് നടപടിക്കിടയാക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞ വർഷം സുപ്രീംകോടതി നൽകിയ അന്ത്യശാസനത്തിന്റെ തുടർച്ചയായിട്ടായിരുന്നു സർക്കാർ ഇടപെടൽ.
ടിക് ടോക് അടക്കം ചില സമൂഹ മാധ്യമങ്ങൾ മാത്രമാണ് രാജ്യത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. ടെലഗ്രാം അടക്കം നൽകിയ അപേക്ഷകൾ പരിഗണനയിലാണ്. എന്നാൽ, 1.35 കോടി ഉപയോക്താക്കളുണ്ട് ഫേസ്ബുക്കിന്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 36 ലക്ഷവും. ഇങ്ങനെ കൂടുതൽ പേർ വരിക്കാരായ സമൂഹ മാധ്യമങ്ങൾക്കാണ് വിലക്ക് വീണിരിക്കുന്നത്.
സർക്കാർ നടത്തുന്ന അഴിമതികൾ തുറന്നുകാട്ടുന്നത് മറച്ചുവെക്കാനാണ് വിലക്കെന്ന് പ്രക്ഷോഭകർ പറയുന്നു. ഏകാധിപത്യം അംഗീകരിക്കാനാകില്ലെന്നാണ് മറ്റൊരു പ്രക്ഷോഭകന്റെ വാക്കുകൾ. മാറ്റം ആവശ്യമാണെന്നും അത് വരുംവരെ സമരം തുടരുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കുന്നു. തെരുവുകൾ സമരക്കളങ്ങളായതോടെ അഭിപ്രായസ്വാതന്ത്ര്യം മാനിക്കുമെന്നും അഭിപ്രായ പ്രകടനത്തിന് അവസരമുണ്ടാകുമെന്നും അധികൃതർ പറയുന്നുണ്ട്. ഇത് സംഭവിക്കുമോ അതല്ല, ഭരണം നിലത്തുവീഴുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.