‘ജെൻ സി’ പ്രക്ഷോഭം; ഒടുവിൽ മുട്ടുമടക്കി നേപ്പാൾ, സമൂഹമാധ്യമ നിരോധനം നീക്കി

കാഠ്മണ്ഡു: സമൂഹമാധ്യമ നിരോധനത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ നിരോധനം നീക്കി നേപ്പാൾ സർക്കാർ. സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിൽ 19 മരണം, 300ലധികം പേർക്ക് പരിക്കേറ്റു. കലാപം അന്വേഷിക്കാൻ സർക്കാർ ​​​പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. പ്രതിഷേധക്കാർ പിൻമാറ​ണമെന്ന് സർക്കാർ അഭ്യർഥിച്ചു. അക്രമസംഭവങ്ങളിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

പ്രക്ഷോഭം ശക്തമായതിന് പിന്നാലെ നടന്ന അടിയന്തര മന്ത്രിസഭ യോഗത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി നേപ്പാൾ വാർത്താവിനിമയ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് അറിയിച്ചു. വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമ വെബ്സൈറ്റുകൾക്ക് വ്യാഴാഴ്ച നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. വാർത്ത വിതരണ മന്ത്രാലയത്തിന് കീ​ഴിൽ സൈറ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന പാലിക്കാഞ്ഞതിന് പിന്നാലെയായിരുന്നു നടപടി.

ഒരുപതിറ്റാണ്ടി​നിടെ നേപ്പാൾ കണ്ട രൂക്ഷമായ പ്രതിഷേധത്തിൽ, ആയിരക്കണക്കിന് യുവജനങ്ങൾ തെരുവിലിറങ്ങി. യൂണിഫോം ധരിച്ച വിദ്യാർഥികളടക്കം ആയിരങ്ങൾ കാഠ്മണ്ഡുവിലെ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ‘അഴിമതിയാണ് നിർത്തേണ്ടത് സമൂഹ മാധ്യമങ്ങളല്ല’ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ളക്കാർഡുകളുമായായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് തകർത്ത് പാർല​മെന്റ് മന്ദിരത്തിലേക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പാർലമെന്റ് മന്ദിരത്തിന് ചുറ്റും അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജലപീരങ്കിയും റബ്ബർ ബുള്ളറ്റുമടക്കം ​പ്രയോഗിക്കുകയായിരുന്നു.

അതേസമയം, നിരോധനം പിൻവലിച്ചെങ്കിലും സർക്കാർ നടപടിയിൽ​ ഖേദമില്ലെന്ന് ഗുരുങ് വ്യക്തമാക്കി. ഉപയോക്താക്കൾ വ്യാജ ഐഡികൾ സൃഷ്ടിച്ച് ഈ പ്ലാറ്റ്‌ഫോമുകളിൽ വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കാനും വഞ്ചനയും മറ്റ് കുറ്റകൃത്യങ്ങളും നടത്താനും ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, സമൂഹ മാധ്യമങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം നൽകി. എന്നാൽ, ഇതിന് തയ്യാറാവാതിരുന്നതോടെയാണ് നിരോധനമേർപ്പെടുത്തിയതെന്നും സർക്കാർ വിശദമാക്കി.

അതേസമയം, സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുമുള്ള നീക്കമാണെന്നു വിമർശിച്ചാണു യുവജനങ്ങൾ രംഗത്തിറങ്ങിയത്. നിരോധനം പിൻവലിക്കാനാവശ്യപ്പെട്ട് ‘ജെൻ സി’ (ജനറേഷൻ സെഡ്) ബാനറുമായി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർവിരുദ്ധ മുദ്രാവാക്യമുയർത്തിയിരുന്നു. പ്രക്ഷോഭത്തിനിടെ യുവാക്കൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജി വെച്ചിരുന്നു.

നിരോധനം പിൻവലിച്ചതിന് പിന്നാലെ, രാഷ്ട്രീയക്കാരുടെയും കുടുംബങ്ങളുടെയും ആഢംബര ജീവിതവും നേപ്പാളിലെ സാധാരണക്കാരുടെ പ്രതിസന്ധികളും താരതമ്യം ചെയ്യുന്ന വീഡിയോകൾ ടിക് ടോക്കിൽ വൈറലായിട്ടുണ്ട്.

ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി ജൂലൈയിൽ നേപ്പാൾ സർക്കാർ ടെലിഗ്രാമിന് വി​ലക്കേർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ അംഗീകരിച്ചതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയിരുന്ന ഒമ്പത് മാസത്തെ വിലക്ക് സർക്കാർ നീക്കിയിരുന്നു. എന്നാൽ, മെറ്റയും എക്സും ഗൂഗിളുമടക്കം കമ്പനികളുടെ കീഴിലുള്ള സമൂഹമാധ്യമങ്ങൾ​ നേപ്പാൾ സർക്കാരിന്റ നി​ർദേശം തള്ളി തുടരുകയായിരുന്നു. ഇതാണ് സമ്പൂർണ വിലക്കിൽ കലാശിച്ചത്.

അതേസമയം, നേപ്പാളിൽ ഭരണതലത്തിൽ അഴിമതി വ്യാപകമാണെന്ന് പ്രതിപക്ഷമടക്കമുള്ളവർ ആരോപിക്കുന്നു. മന്ത്രിമാർ, മുൻ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട അഴിമതി കേസുകൾ രാജ്യത്ത് കുത്തനെ ഉയർന്നു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇവർ ആരോപിക്കുന്നു.

News Summary - nepal government restores social media access

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.