തെൽ അവീവ്: ഗസ്സ സിറ്റിക്ക് സമീപം ഹമാസ് നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. സ്റ്റാഫ് സാർജന്‍റ് ഉറി ലമേദ് (20), സാർജന്‍റ് അമിദ് ആര്യേ റെഗേവ് (19), സാർജന്‍റ് ഗാദി കോട്ടൽ (20) എന്നീ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഐ.ഡി.എഫ് അറിയിച്ചു. കൊല്ലപ്പെട്ട മൂന്നാമന്‍റെ പേര് സ്ഥിരീകരിച്ചിട്ടില്ല. 401 സായുധ ബ്രിഗേഡിലെ 52 ബറ്റാലിയൻ അംഗങ്ങളായിരുന്നു ഇവർ. മാത്രമല്ല, ഒരു സൈനികന് സാരമായി പരിക്കേറ്റിട്ടുമുണ്ട്.
തിങ്കളാഴ്ച രാവിലെ ഗസ്സ സിറ്റിയിലെ ശൈഖ് റദ്‌വാനിന്‍റെ പ്രാന്തപ്രദേശത്തുള്ള കഫ്ർ ജബാലിയ പ്രദേശത്തെ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടക്കുകയായിരുന്നു. രാത്രി ഗസ്സയിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തി ഔട്ട്പോസ്റ്റിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇവർക്കുനേരെ ഹമാസിന്‍റെ പ്രത്യാക്രമണം ഉണ്ടായത്. സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിലെത്തി യുദ്ധ ടാങ്കിലേക്ക് സ്ഫോടകവസ്തു എറിഞ്ഞാണ് നാലു സൈനികരെ കൊലപ്പെടുത്തിയത്.
ഇന്നലെ തന്നെ ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ആറ് ഇസ്രായേലികൾ കൊല്ലപ്പെട്ടിരുന്നു. 12 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജറൂസലേമിലെ റാമോത്ത് ജങ്ഷനിലെത്തിയ രണ്ട് അക്രമികൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അപ്പോൾ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ തിരികെ വെടിയുതിർത്ത് അക്രമികളെ വധിക്കുകയും ചെയ്തു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കം വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ചിരുന്നു.
സൈനികർ കൊല്ലപ്പെട്ടതിനും ജറൂസലേമിലെ ആക്രമണത്തിനും പിന്നാലെ ഗസ്സ നഗരത്തിൽ കനത്ത വ്യോമാക്രമണമുണ്ടാകുമെന്നും ഉടൻ ഗസ്സ വിട്ടുപോകണമെന്നും ജനങ്ങളോട് നെതന്യാഹു പറഞ്ഞു. ഗസ്സ നിവാസികളോട് ഞാൻ പറയുന്നു, ഈ അവസരം ഉപയോഗിക്കുക. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇപ്പോൾ പോകണം -നെതന്യാഹു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.