നേപ്പാളിലെ ‘ജെൻ സി’ പ്രക്ഷോഭത്തിനു പിന്നിലെ കാരണങ്ങൾ എന്ത്​?

നേപ്പാളി​ലെ ‘ജെൻ സി’ പ്രക്ഷോഭം വാർത്തകളിൽ നിറയുകയാണ്.  വിദ്യാർഥികൾ അടങ്ങുന്ന പുതു തലമുറ കാഠ്മണ്ഡുവിൽ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  എന്താണ് ​സർക്കാറിനെതിരെ ‘ജെൻ സി’ തെരുവിലിറങ്ങാനുള്ള കാരണം​?

വ്യാഴാഴ്ചയാണ് നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ആഗസ്റ്റ് 28 മുതൽ സർക്കാറിൽ രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഒരാഴ്ച സമയം നൽകിയതായി അധികൃതർ നോട്ടീസിൽ പറയുന്നു. എന്നാൽ മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്‌സ് (മുമ്പ് ട്വിറ്റർ), റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിവയൊന്നും സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല. 

കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സർക്കാറിന്റെ നിർദേശങ്ങൾ വന്നത്.  സോഷ്യൽ മീഡിയ ഭീമന്മാരോട് ഒരു കോൺടാക്റ്റ് പോയിന്റ് സ്ഥാപിക്കാനും ഒരു റസിഡന്റ് ഗ്രീവൻസ് ഹാൻഡ്ലിംഗ് ഓഫിസറുടെയും കംപ്ലയൻസ് ഓഫിസറുടെയും പേര് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.  എന്നാൽ, ഈ നിർദേശങ്ങൾ എല്ലാം കമ്പനികൾ അവഗണിച്ചു. തുടർന്നാണ് നിരോധനം.

ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ നേപ്പാളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ടെലിഗ്രാം, ഗ്ലോബൽ ഡയറി എന്നിവയിൽ നിന്നുള്ള അപേക്ഷകൾ പരിഗണനയിലാണെന്ന് അധികൃതർ പറഞ്ഞു.

പ്രതിഷേധക്കാർ എന്താണ് പറയുന്നത്

‘ദി കാഠ്മണ്ഡു പോസ്റ്റി’ലെ ഒരു റിപ്പോർട്ട് പ്രകാരം നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്. പലരും തങ്ങളുടെ ബിസിനസിനായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചതോടെ അതിന്റെ ഇരകൾ എതിർപ്പുമായി രംഗത്തുവരാൻ തുടങ്ങി. നിരോധനത്തിനെതിരായ പ്രകടനങ്ങൾ പിന്നീട് അഴിമതി വിരുദ്ധ പ്രതിഷേധമായി മാറി.

‘സോഷ്യൽ മീഡിയ നിരോധനമാണ് ഞങ്ങളെ പ്രകോപിപ്പിച്ചത്. പക്ഷേ, ഞങ്ങൾ ഇവിടെ ഒത്തുകൂടിയതിന്റെ ഒരേയൊരു കാരണമല്ല അതെ’ന്ന് 24 കാരനായ വിദ്യാർഥി യുജൻ രാജ്ഭണ്ഡാരി പറഞ്ഞു. നേപ്പാളിൽ സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിക്കെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും യുജൻ കൂട്ടിച്ചേർത്തു.

‘സർക്കാറിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിനെതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. ഞങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. മറ്റുള്ളവർ അത് സഹിച്ചു. എന്തുതന്നെ ആയാലും ഞങ്ങളുടെ തലമുറ​യോടെ ഇതിന് അന്ത്യം കുറിക്കുമെന്ന്’ മറ്റൊരു വിദ്യാർഥി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ, ‘നേതാക്കളുടെ പുത്രന്മാർക്കും പുത്രിമാർക്കും ശോഭനമായ ഭാവി ഉണ്ടാകുമ്പോൾ, നമ്മുടെ പുത്രന്മാർ എവിടെ?’ എന്ന് ഒരു പ്രതിഷേധക്കാരൻ ചോദിക്കുന്നത് കേൾക്കാം. 

അതേമസയം, രജിസ്ട്രേഷനുവേണ്ടി നിശ്ചയിച്ച സമയപരിധി അതിക്രമിച്ചിട്ടും അത് ചെയ്യാത്തതിനെ തുടർന്നാണ് നിരോധനമെന്നും വ്യാജ ഐ.ഡികളിലൂടെ വി​ദ്വേഷ പ്രചാരണം, വ്യാജ വാർത്തകൾ, തട്ടിപ്പുകൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവക്കായി സമൂഹ മാധ്യമങ്ങൾ ഉപ​യോഗിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഹിമാലയൻ രാജ്യത്ത് അഴിമതി വ്യാപകമാണെന്ന് പലരും കരുതുന്നു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെുവെന്ന് എതിരാളികൾ വിമർശിക്കുന്നു. തിങ്കളാഴ്ച രാവിലെ, സ്കൂൾ, കോളേജ് യൂനിഫോമുകളിൽ ദേശീയ പതാകയും പ്ലക്കാർഡുകളും ധരിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യുവാക്കളെ തെരുവിലിറങ്ങി. ‘അഴിമതി നിർത്തുക‘, ‘അഴിമതിക്കെതിരെ യുവാക്കൾ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ അവർ കയ്യിലേന്തി. എന്നാൽ, പ്രകടനങ്ങൾ അനുവദനീയമല്ലാത്ത പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് ചെയ്യുന്നത് പൊലീസ് തടഞ്ഞു.

പലരും നിയന്ത്രിത മേഖലകൾ ലംഘിച്ച് പൊലീസ് ബാരിക്കേഡുകൾ തകർത്തു. സുരക്ഷാ സേന വെടിയുതിർത്തതിനെ തുടർന്ന് 14 പേർ കൊല്ലപ്പെടുകയും 80ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തായി മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു. സംഘർഷങ്ങൾ രൂക്ഷമായപ്പോൾ പൊലീസ് ഒന്നിലധികം സ്ഥലങ്ങളിൽ വെടിയുതിർത്തതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഘർഷം നിയന്ത്രിക്കുന്നതിനായി കാഠ്മണ്ഡു ജില്ലാ ഭരണകൂടം പാർലമെന്റ് മന്ദിരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 

Tags:    
News Summary - Why Nepal Banned Social Media, And Why That's Not Only Trigger For Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.